സൗദിയിലെ മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രാലയത്തെയും ഭവന മന്ത്രാലയത്തെയും ലയിപ്പിച്ചു
മാജിദ് അൽ ഹുഖൈൽ ആണ് പുതിയ വകുപ്പിന്റെ മന്ത്രി. പുതിയ സൗദി സെൻട്രൽ ബാങ്ക് ഗവർണറേയും നിയമിച്ചു

സൗദിയിലെ മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രാലയത്തെയും ഭവന മന്ത്രാലയത്തെയും ലയിപ്പിച്ചു. മാജിദ് അൽ ഹുഖൈൽ ആണ് പുതിയ വകുപ്പിന്റെ മന്ത്രി. പുതിയ സൗദി സെൻട്രൽ ബാങ്ക് ഗവർണറേയും നിയമിച്ചു. സൽമാൻ രാജാവിന്റെതാണ് ഉത്തരവ്.
സൗദി സെൻട്രൽ ബാങ്ക് ഗവർണറായി ഡോ: ഫഹ്ദ് അൽ മുബാറകാണ് നിയമിതനായത്. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഞായറാഴ്ച രാത്രി പുറപ്പെടുവിച്ച രാജകൽപ്പന പ്രകാരമാണ് നടപടി. നിലവിൽ മന്ത്രിസഭാംഗവും സഹ മന്ത്രിയുമായിരുന്നു ഇദ്ദേഹം. സൗദിയിലെ ഭവന മന്ത്രാലയത്തെ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയവുമായി ലയിപ്പിക്കാനും ഉത്തരവുണ്ട്. മാജിദ് അൽ ഹുഖൈൽ ആണ് പുതിയ വകുപ്പിന്റെ മന്ത്രി.
പുതിയ മന്ത്രാലയം മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം എന്നാണ് അറിയപ്പെടും. മൂന്ന് മാസത്തിനകം ലയന നടപടി പൂർത്തിയാക്കണം. സെൻട്രൽ ബാങ്ക് മേധാവിയായിരുന്ന ഡോ: അൽ ഖുലൈഫിയെ റോയൽ ഉപദേശകനായും നിയമിച്ചു. മന്ത്രി പദവിയോടെയാണ് നിയമനം. പാസ്പോർട്ട് ഡയറക്ടർ ജനറൽ (ജവാസാത്) സുലൈമാൻ അൽ യഹ്യയെ മേജർ ജനറലിൽ നിന്നും ലഫ്റ്റനന്റ് ജനറൽ ആക്കി ഉയർത്തുകയും ചെയ്തു.