LiveTV

Live

Gulf

കോവിഡ് വ്യാപനം രൂക്ഷം; അബൂദബിയില്‍ ചരക്ക് വാഹന ഡ്രൈവർമാരുടെ പ്രവേശനത്തിന് നിയന്ത്രണം

വാക്സിൻ എടുക്കാത്ത മുഴുവൻ ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥർക്കും ഏഴ് ദിവസം കൂടുമ്പോൾ പിസിആർ പരിശോധനയും നിർബന്ധമാക്കി

കോവിഡ് വ്യാപനം രൂക്ഷം; അബൂദബിയില്‍ ചരക്ക് വാഹന ഡ്രൈവർമാരുടെ പ്രവേശനത്തിന് നിയന്ത്രണം

യു.എ.ഇയിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ അബൂദബിയിലേക്ക് ചരക്ക് വാഹന ഡ്രൈവർമാരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാക്സിൻ എടുക്കാത്ത മുഴുവൻ ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥർക്കും ഏഴ് ദിവസം കൂടുമ്പോൾ പിസിആർ പരിശോധനയും നിർബന്ധമാക്കി. യു എ ഇയിൽ 3,591 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആറ് പേർ മരിച്ചു.

ഫെബ്രുവരി ഒന്ന് മുതലാണ് ട്രക്ക് ഡ്രൈവർമാർക്ക് അബൂദബിയിലേക്ക് പ്രവേശിക്കാൻ പുതിയ നിയന്ത്രണം നിലവിൽ വരുന്നത്. ഏഴ് ദിവസത്തിനിടെ എടുത്ത പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഇനി മുതൽ ചരക്കുവാഹനങ്ങളുടെ ഡ്രൈവർക്ക് പ്രവേശനം നൽകൂ എന്നാണ് പുതിയ നിയമം. വാക്സിൻ എടുക്കാത്ത ഫെഡറല്‍ സർക്കാർ ജീവനക്കാരും ഏഴ് ദിവസം കൂടുമ്പോൾ പിസിആർ പരിശോധനക്ക് വിധേയരാകണം. ഒരു ഡോസ് വാക്സിനെടുത്ത ജീവനക്കാർക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നത് വരെയും ഈ നിബന്ധന തുടരും. രണ്ടാമത്തെ ഡോസ് എടുത്തവർ വാക്സിൻ നടപടി പൂർത്തിയാക്കി എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യപരമായി വാക്സിനെടുക്കാൻ കഴിയാത്ത ജീവനക്കാർ ഇതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അല്ലാത്ത പക്ഷം ഓരോ ഏഴ് ദിവസവും പിസിആർ പരിശോധനക്ക് വിധേയമാകമെന്നും സർക്കാർ നിർദേശിച്ചു. സർക്കാറിന് വേണ്ടി ജോലി ചെയ്യുന്ന കൺസൾട്ടൻസികളുടെ ജീവനക്കാരും വിദഗ്ധരും ഓരോ മൂന്ന് ദിവസം കൂടുമ്പോഴും പി സി ആർ പരിശോധന നടത്തണം. ഇന്ന് ആറ് പേർ കൂടി മരിച്ചതോടെ യു എ ഇയിലെ മരണസംഖ്യ 798 ആയി. രോഗബാധിതരുടെ മൊത്തം എണ്ണം 2,81, 546 ആയി. 3,820 പേർക്ക് രോഗം ഭേദമായതോടെ മൊത്തം രോഗമുക്തർ 2,55,304 ലെത്തി. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 25,71,086 ആയി.