LiveTV

Live

Gulf

വിദേശ എഞ്ചിനീയർമാർ സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ പ്രൊഫഷണൽ പരീക്ഷ പാസായിരിക്കണം

എഞ്ചിനീയറിംഗ്‌ ജോലികളിലെ ഗുണ മേന്മ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

വിദേശ എഞ്ചിനീയർമാർ സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ പ്രൊഫഷണൽ പരീക്ഷ പാസായിരിക്കണം

വിദേശ എഞ്ചിനീയർമാർ സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ പ്രൊഫഷണൽ പരീക്ഷ പാസായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള എഞ്ചിനീയർമാർക്കും വിവിധ ഘട്ടങ്ങളിലായി യോഗ്യതാ പരീക്ഷ പൂർത്തീകരിക്കും. എഞ്ചിനീയറിംഗ്‌ ജോലി കളിലെ ഗുണ മേന്മ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

രാജ്യത്ത് നിലവിൽ ജോലി ചെയ്തു വരുന്ന വിദേശികളായ എഞ്ചിനീയർമാരിൽ യോഗ്യരായവരെ കണ്ടെത്തുന്നതിനായുള്ള പ്രൊഫഷണൽ പരീക്ഷക്ക് കഴിഞ്ഞ മാസം മുതൽ ദമ്മാമിൽ തുടക്കം കുറിച്ചിരുന്നു. വൈകാതെ മറ്റ് നഗരങ്ങളിൽ വെച്ചും പരീക്ഷ നടത്തും. ഇതിനായുളള ക്രമീകരണങ്ങൾ നടന്ന് വരികയാണ്. ഇതിന് പിറകെയാണ് പുതിയ തൊഴിൽ വിസയിലെത്തുന്ന എഞ്ചിനീയർമാർക്കും യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനിച്ചത്. പുതിയ വിസയിലെത്തുന്നവർ സൗദിയിലെത്തുന്നതിന് മുമ്പ് അതത് രാജ്യങ്ങളിൽ വെച്ച് തന്നെ പരീക്ഷ പാസായിരിക്കണമെന്നാണ് പുതിയ ചട്ടം.

എഞ്ചിനീയറിംഗ് ജോലികളിലെ ഗുണമേന്മ ഉറപ്പാക്കുന്നതിന് വിദേശ എഞ്ചിനീയർമാർക്ക് യോഗ്യതാ പരീക്ഷ നടത്തണമെന്ന് മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രി എഞ്ചിനീയറിംഗ് കൗൺസിലിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതിന്‍റെ തുർച്ചയായാണ് പുതിയ നീക്കം. ആഗോള പങ്കാളിയായ പിയേഴ്‌സൺ വി.യു.ഇയുടെ സഹായത്തോടെയാണ് വിവിധ രാജ്യങ്ങളിൽ വെച്ച് പരീക്ഷ നടത്തുക. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെ വിജയിക്കുന്നവർക്ക് പിയേഴ്‌സൺ സർട്ടിഫിക്കറ്റുകളും നൽകും. സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സിന്റെ അംഗീകാരവും, അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉള്ളവർക്ക് മാത്രമാണ് സൗദിയിൽ എഞ്ചിനീയറിംഗ് മേഖലയിൽ തൊഴിൽ ചെയ്യാൻ അനുവാദമുള്ളത്.