ആഗോള നിക്ഷേപ സമ്മേളനത്തിനൊരുങ്ങി റിയാദ്; സമ്മേളനം ജനുവരി 27ന്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 140 പ്രമുഖരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

ലോകത്തെ സൗദിയിലേക്ക് ക്ഷണിക്കുന്ന സൗദി കിരീടാവകാശിയുടെ ആഗോള നിക്ഷേപ സംഗമത്തിന്റെ നാലാം എഡിഷന് ഈ മാസം റിയാദിൽ തുടക്കമാകും. കോവിഡ് നിയന്ത്രണങ്ങൾ കാരണം വൈകിയ സമ്മേളനം ജനുവരി 27, 28 തിയതികളിലാണ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 140 പ്രമുഖരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
ഈ മാസം 27ന് പൊതു നിക്ഷേപ ഫണ്ട് ഗവര്‍ണര്‍ യാസിര്‍ ഓ അല്‍ റുമയ്യാന്‍ ആമുഖ പ്രഭാഷണം നടത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിക്കും. കോവിഡ് സാഹചര്യത്തിലെ സാമ്പത്തിക സ്ഥിതിയും വികസന നിക്ഷേപ സാധ്യതകളുമാണ് രണ്ടു ദിവസം നീളുന്ന എഫ്.ഐ.ഐ ചർച്ച ചെയ്യുക. 60 പ്രഭാഷകരും സംരംഭകരും ഉച്ചകോടിയിൽ നേരിട്ടെത്തും. ബാക്കിയുള്ള 80 പേർ ഓൺലൈനിലാകും പങ്കെടുക്കുക. ഇവർക്കായി ന്യൂയോർക്, പാരിസ്, ബെയ്ജിങ്, മുംബൈ എന്നിവിടങ്ങളിൽ പ്രത്യേക ഓൺലൈൻ ഹബ്ബൊരുക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യം കണക്ക്കൂട്ടി നവീന നവോത്ഥാനം എന്ന തലക്കെട്ടിലാണ് പ്രധാന ചർച്ചകൾ. സൗദിയുടേതിന് പുറമെ യുകെ, യൂറോപ്, ജി.സി.സി എന്നിവിടങ്ങളിലെ മന്ത്രിമാർ സമ്മേളനത്തിലുണ്ടാകും.
ലോകത്തെ വൻകിട സംരംഭകരും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയിൽ നിന്നും വ്യവസായ പ്രമുഖൻ മുകേഷ് അംബാനി സംസാരിക്കും. സൌദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന കിരീടാവകാശിയുടെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന് 2017ലായിരുന്നു തുടക്കം. കഴിഞ്ഞ വർഷാവസാനം നടക്കേണ്ട സമ്മേളനത്തിന്റെ നാലാം എഡിഷൻ കോവിഡ് കാരണം നീട്ടി വെച്ചിരുന്നു.