ഫോബ്സിന്റെ മധ്യേഷ്യന്‍ പട്ടിക; ആദ്യ പതിനഞ്ചില്‍ പത്തും മലയാളികള്‍
ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസഫലിയാണ് പട്ടികയില്‍ ഒന്നാമത്

ദുബായ്: ഫോബ്സ് മിഡില്‍ ഈസ്റ്റ് പുറത്തുവിട്ട മധ്യേഷ്യയിലെ ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ മലയാളികള്‍ക്ക് മേല്‍ക്കൈ. പട്ടികയിലെ ആദ്യ പതിനഞ്ചില്‍ പത്തു പേരും മലയാളികളാണ്.
ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസഫലിയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമത് ദുബൈ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് സിഇഒ രേണുക ജഗ്തിയാനി. ഇവര്‍ തമിഴ്നാട്ടുകാരിയാണ്. ജെംസ് എജുക്കേഷന്‍ ഗ്രൂപ്പിന്റെ മലയാളി വ്യവസായി സണ്ണി വര്‍ക്കിയാണ് മൂന്നാമത്.
രവിപിള്ള (ആര്‍പി ഗ്രൂപ്), ഡോ.ഷംഷീര്‍ വയലില്‍ (വിപിഎസ് ഹെല്‍ത്ത് കെയര്‍), കെ.പി.ബഷീര്‍ ( വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍), പി.എന്‍.സി മേനോന് (ശോഭ ഗ്രൂപ്), തുംബൈ മൊയ്തീന് (തുംബൈ ഗ്രൂപ്), അദീബ് അഹമ്മദ് (ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ്), ഫൈസല്‍ കൊട്ടിക്കെള്ളോന് (കെഫ് ഹോള്‍ഡിങ്സ്), രമേഷ് രാമകൃഷ്ണന് (ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്) എന്നിവരാണ് മറ്റു മലയാളികള്‍.
ഇറാം ഗ്രൂപ്പ് ചെയര്മാന് സിദ്ദീഖ് അഹ്മദ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഇന്റര്‍നാഷണല്‍ ഓപറേഷന് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ്, എയറോലിങ്ക് ഗ്രൂപ്പിന്റെ അനില്‍ ജി പിള്ള, കിങ്സ്റ്റണ്‍ ഹോള്‍ഡിങ്സിന്റെ ലാലു സാമുവല്‍ എന്നിവരും ആദ്യ മുപ്പതു പേരുടെ പട്ടികയില്‍ ഉണ്ട്. എട്ട് ശതകോടീശ്വരന്മാരാണ് മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ വ്യവസായികളില്‍ ഉള്ളതെന്ന് ഫോബ്സ് പറയുന്നു.