ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ 2021 ഫെബ്രുവരി 5ന്
ദോഹയില്‍ നടന്ന ലോഗോ പ്രകാശനം ഇന്ത്യന്‍ എംബസി അപ്പെക്സ് ബോഡിയുടെ പുതിയ അധ്യക്ഷന്മാര് ചേര്‍ന്ന് നിർവഹിച്ചു

ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ 2021 ഫെബ്രുവരി അഞ്ചിന് നടക്കും. ദോഹയില്‍ നടന്ന ലോഗോ പ്രകാശനം ഇന്ത്യന്‍ എംബസി അപ്പെക്സ് ബോഡിയുടെ പുതിയ അധ്യക്ഷന്മാര് ചേര്‍ന്ന് നിർവഹിച്ചു.
നല്ല ആരോഗ്യത്തിലേക്ക് എന്ന പ്രമേയവുമായാണ് ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ സെക്കന്റ് എഡിഷന് കായികപ്രേമികളെയും പ്രവാസികളെയും തേടിയെത്തുന്നത്. വരുന്ന ഫെബ്രുവരി അഞ്ചിന് ദോഹ ആസ്പയര് പാര്‍ക്കിലാണ് ഖത്തര്‍ റണ്‍ ദീര്‍ഘദൂര ഓട്ടമത്സരം നടക്കുക. പത്ത് കിലോമീറ്റര്‍ അഞ്ച് കിലോമീറ്റര്‍ മൂന്ന് കിലോമീറ്റര്‍ വിഭാഗങ്ങളിലായാണ് മത്സരം. ദോഹയില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ലോഗോ ഇന്ത്യൻ സ്പോർട്സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഇന്ത്യൻ കൾച്ചറൽ സെന്റര്‍ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം പ്രസിഡന്റ് സിയാദ് ഉസ്മാൻ എന്നിവർ ചേര്‍ന്ന് പ്രകാശനം ചെയ്തു.
പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മൽസരം. 110 റിയാൽ ആണ് രജിസ്ട്രേഷൻ ഫീസ്. ജൂനിയർ വിഭാഗത്തിൽ മൂന്ന് കിലോമീറ്ററിലാണ് മൽസരം. 55 റിയാലാണ് ഫീസ്. ഏഴ് വയസ് മുതൽ 15 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മൽസരം. ഏഴ് മുതൽ പത്ത് വയസ് വരെയുള്ളവർക്ക് പ്രൈമറി വിഭാഗത്തിലും 11 വയസ് മുതൽ 15 വയസ് വരെയുള്ളവർ സെക്കന്‍ഡറി വിഭാഗത്തിലുമാണ് മൽസരിക്കുക. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.