ബജറ്റിനെക്കുറിച്ച് പ്രവാസ ലോകത്ത് സമ്മിശ്ര പ്രതികരണം
എന്നാൽ ബജറ്റ് തീർത്തും നിരാശാജനകമാണെന്നും വാഗ്ദാന പ്രളയത്തിൽ മുക്കികൊല്ലുവാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ സംഘടനകൾ കുറ്റപ്പെടുത്തി

ബജറ്റിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് സൌദിയിലെ പ്രവാസി സംഘടനകൾക്കുള്ളത്. പ്രവാസി സൌഹൃദ ബജറ്റാണ് കേരള സർക്കാർ അവതരിപ്പിച്ചതെന്ന് ഇടത് പക്ഷ അനുകൂല സംഘടനകൾ പറഞ്ഞു. എന്നാൽ ബജറ്റ് തീർത്തും നിരാശാജനകമാണെന്നും വാഗ്ദാന പ്രളയത്തിൽ മുക്കികൊല്ലുവാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ സംഘടനകൾ കുറ്റപ്പെടുത്തി.
പ്രവാസികളെ ഗൗരവപൂർവം പരിഗണിച്ചാണ് കേരള സർക്കാർ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും. ഏറെക്കാലത്തെ പ്രവാസികളുടെ ആവശ്യമായ പെൻഷൻ വർധന ഈ ബജറ്റിൽ സർക്കാർ അനുഭാവ പൂർവം പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നും ജിദ്ദ നവോദയ വ്യക്തമാക്കി. പ്രവാസികളെ ഇത്രയും അധികം പരിഗണിച്ചിട്ടുള്ള ഒരുസർക്കാർ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. പ്രവാസി സൌഹൃദ ബജറ്റായാണ് ഇതിനെ വിലയിരുത്തുന്നതെന്നും നവോദയ കേന്ദ്ര കമ്മറ്റി അറിയിച്ചു.
മുൻ വർഷങ്ങളിലെ ബജറ്റിൽ പ്രഖ്യാപിച്ച ഗൾഫിലെ കേരള സ്കൂൾ, മടങ്ങി വരുന്നവർക്ക് 6 മാസത്തെ ശമ്പളം എന്നിവയെ കുറിച്ച് കുറ്റകരമായ മൗനമാണ് ബജറ്റ് പ്രകടിപ്പിച്ചതെന്നും, 25 ശതമാനത്തോളം പ്രീമിയം വർധിപ്പിച്ചുകൊണ്ടാണ് പെൻഷൻ തുക ഉയർത്തിയതെന്നും ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി കുറ്റപ്പെടുത്തി.
കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബത്ത അവഗണിച്ച സർക്കാർ വാഗ്ദാനങ്ങൾ പ്രവാസികൾ വിശ്വസിക്കില്ലെന്നും മുൻ കാലങ്ങളിൽ നടത്തിയ പ്രഖ്യാപനങ്ങളൊന്നും സർക്കാർ നടപ്പിലാക്കിയില്ലെന്നും ധനമന്ത്രി ഇന്ന് നടത്തിയതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്നും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ആരോപിച്ചു. വരും ദിവസങ്ങളിൽ പ്രവാസികൾക്കിടയിൽ ബജറ്റ് കൂടുതൽ ചർച്ചയാകും. തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ, പ്രവാസലോകത്തും ബജറ്റ് പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകുമെന്നാണ് സൂചന.