വിദേശ ഉംറ തീർത്ഥാടകർ എത്തിത്തുടങ്ങി; ആദ്യ സംഘം ഇന്തോനേഷ്യയിൽ നിന്ന്
അന്താരാഷ്ട്ര വിമാന സർവീസുകൾ നിര്‍ത്തിവെച്ചതോടെ നിശ്ചലമായതായിരുന്നു വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടനം
മക്കയിൽ വീണ്ടും വിദേശ ഉംറ തീർത്ഥാടകർ എത്തി തുടങ്ങി. ഇന്തോനേഷ്യയിൽ നിന്നുള്ള തീർത്ഥാടകരാണ് കഴിഞ്ഞ ദിവസം മക്കയിലെത്തിയത്. അന്താരാഷ്ട്ര വിമാന സർവീസുകൾ നിര്‍ത്തിവെച്ചതോടെ നിശ്ചലമായതായിരുന്നു വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടനം.
വകഭേദം സംഭവിച്ച കൊറോണ വൈറസ് വ്യാപന ഭീതിയെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നിര്‍ത്തിവെച്ചതോടെ, വിദേശ ഉംറ തീർത്ഥാടകരുടെ വരവും നിശ്ചലമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വിമാന വിലക്കിനെ തുടർന്ന്, സ്വദേശങ്ങളിലേക്ക് തിരിച്ച് പോകേണ്ടിയിരുന്ന നിരവധി തീർത്ഥാടകർ സൗദിയിൽ കുടുങ്ങുകയും ചെയ്തു. കൂടാതെ ആ സമയത്ത് ഉംറക്ക് വരേണ്ടിയിരുന്ന നിരവധി വിദേശ തീർത്ഥാടകർക്ക് സൗദിയിലേക്ക് വരാനും സാധിച്ചില്ല. ഇവർക്ക് വിമാന സർവ്വീസ് പുനരാരംഭിക്കുന്ന മുറക്ക് വരാനാകുമെന്ന് അന്ന് തന്നെ ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.
രണ്ടാഴ്ച കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം മുതൽ വിമാന സർവീസുകൾ പുനരാരംഭിച്ചു. തുടർന്ന് ശനിയാഴ്ച മുതൽ വീണ്ടും വിദേശ ഉംറ തീർത്ഥാടകർ എത്തി തുടങ്ങി. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നുള്ള തീർത്ഥാടകരാണ് കഴിഞ്ഞ ദിവസം മക്കയിലെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകരെത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.