ഹെൽത്ത് പാസ്പോർട്ട് സേവനത്തിന് തുടക്കം കുറിച്ച് സൗദി ആരോഗ്യ മന്ത്രി
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച മുഴുവനാളുകളും കൃത്യ സമയത്ത് തന്നെ രണ്ടാമത്തെ ഡോസും സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ് പറഞ്ഞു.
രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചുകൊണ്ട് ഹെൽത്ത് പാസ്പോർട്ട് സേവനത്തിന് സൗദി ആരോഗ്യ മന്ത്രി തുടക്കം കുറിച്ചു. ഡിസംബർ 15 മുതലാണ് സൗദിയിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. അതിന് ശേഷം ഇത് വരെ ഒരു മില്ല്യണിലധികം പേർ വാക്സിൻ സ്വീകരിക്കുന്നതിനായി രജ്സറ്റർ ചെയ്തു.
വാക്സിൻ വിതരണം ചെയ്ത് തുടങ്ങിയത് ഡിസംബർ 17നാണ്. ഇത് വരെ ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തിലധികം പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച മുഴുവനാളുകളും കൃത്യ സമയത്ത് തന്നെ രണ്ടാമത്തെ ഡോസും സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ് പറഞ്ഞു. രണ്ടാമത്തെ ഡോസും സ്വീകരിച്ച് കഴിഞ്ഞവർക്ക് നൽകുന്നതിനായുള്ള മെഡിക്കൽ പാസ്പോർട്ട് സേവനം ആരോഗ്യ മന്ത്രി ഇന്ന് പുറത്തിറക്കി.
സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ സേവനം നടപ്പിലാക്കുന്നത്. രണ്ടാമത്തെ ഡോസും സ്വീകരിച്ചു കഴിയുന്നതോടെ, സ്വീകർത്താവിന്റെ തവക്കൽനാ ആപ്ലിക്കേഷനിൽ മെഡിക്കൽ പാസ്പോർട്ട് ലഭ്യമാകും. ഇത് ഓരോരുത്തരുടേയും വാക്സിനേഷൻ സ്റ്റാറ്റസും മറ്റ് ആരോഗ്യ സ്ഥിതികളും മനസ്സിലാക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾക്കും ഉദ്യോഗസ്ഥർക്കും സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.