ശൈഖ് സബാഹ് അല്‍ അഹ്മദ്; ഖത്തറിലേക്കു വഴികള്‍ വെട്ടിയ രാജാവ്
അന്താരാഷ്ട്ര മാനുഷിക പ്രതിസന്ധികളില്‍ തണലായി നിന്ന നേതാവു കൂടിയായിരുന്നു ശൈഖ് സബാഹ്

കുവൈത്ത്: പിണക്കങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഖത്തറും സൗദി സഖ്യരാഷ്ട്രങ്ങളും ഒരുമിക്കുമ്പോള്‍ ആ കാഴ്ച കാണേണ്ട ഒരാള്‍ ഇപ്പോഴില്ല. അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹ് എന്ന നയതന്ത്രങ്ങളുടെ രാജാവ്. അറബ് ലോകത്ത് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ മരുന്നു പുരട്ടാന്‍ എല്ലാ കാലത്തും ഓടി നടന്ന ശൈഖ് സബാഹിനെ കൂടി ഓര്‍ക്കേണ്ട ദിനമാണ് ഇന്ന്. ഉപരോധം അവസാനിപ്പിക്കുന്നതിന് ഖത്തറിനെയും സൗദിയെയും ഒരു മേശയ്ക്കു ചുറ്റും ഇരുത്തിയതിന് പിന്നില്‍ ശൈഖ് സബാഹിന്റെ നയന്തന്ത്ര ചാതുരി അത്രമാത്രമുണ്ടായിരുന്നു.
നയവും തന്ത്രവും അറിഞ്ഞ ഒരാള്‍
നയത്തില്‍ തന്ത്രം എവിടെ പ്രയോഗിക്കണം എന്ന് കൃത്യമായി നിശ്ചയമുണ്ടായിരുന്ന നേതാവായിരുന്നു ശൈഖ് സബാഹ്. പാകിസ്താന്-ബംഗ്ലാദേശ്, തുര്‍ക്കി-ബള്‍ഗേറിയ, ഫലസ്തീന്-ജോര്‍ദാന്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളില്‍ ഇടപെട്ട അനുഭവ സമ്പത്താണ് ഖത്തര്‍ പ്രശ്നത്തിലും ഇടപെടാന്‍ അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കിയത്. പ്രായാധിക്യം മറന്ന് ഒറ്റ ദിനം മണിക്കൂറുകളുടെ ഇടവേളയില്സൗദിയിലേക്കും ഖത്തറിലേക്കും അദ്ദേഹം മാറി മാറിപ്പറന്നു.
പ്രതിസന്ധി തുടങ്ങിയ ശേഷം രണ്ടു തവണ ജിസിസി ഉച്ചകോടിക്ക് വേദിയായത് കുവൈത്ത് ആയിരുന്നു. ഇരു ചേരികളും തമ്മിലെഅഭിപ്രായഭിന്നതയും വാക്പോരുകളും ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഇല്ലാതാക്കിയത് ഗള്‍ഫ് അംഗരാജ്യങ്ങളിലെ തലമുതിര്‍ന്ന കാരണവര്‍ കൂടിയായ ശൈഖ് സബാഹിന്റെ ഇടപെടല്‍ ആയിരുന്നു. കുവൈത്തില്‍ നടന്നജിസിസി ഉച്ചകോടിക്കിടെ ഖത്തര്‍ അമീറിനെയും യുഎഇ വിദേശകാര്യ മന്ത്രിയെയുംതന്റെ ഇരു വശത്തുമായി ചേര്‍ത്തു നിര്‍ത്തിയ അദ്ദേഹത്തിന്റെ അനുരഞ്ജനനീക്കം ലോക മാധ്യമങ്ങള്‍ പ്രത്യേകം എടുത്തു പറയുകയുണ്ടായി .
ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് വരെ സഹോദരാരാഷ്ട്രങ്ങള് തമ്മിലെപിണക്കം ഇല്ലാതാക്കാനുള്ള പരിശ്രമത്തില്‍ ആയിരുന്നു അദ്ദേഹം . അമേരിക്കയില്ചികിത്സയിലിരിക്കെയുംഅദ്ദേഹത്തിന്റെ നിര്ദേശപ്രകാരംകുവൈത്ത് നയതന്ത്ര നീക്കങ്ങള്‍ തുടരുന്നുണ്ടായിരുന്നു. ശൈഖ് സബാഹിന്റെ വിയോഗശേഷംപുതിയ അമീറായി ചുമതലയേറ്റ ശെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹും തന്റെ മുന്‍ഗാമിയുടെ നയനിലപാടുകള്‍ തന്നെയാണ് പിന്തുടര്ന്നത്.

ജിസിസി ഐക്യം പുലര്‍ന്നു കാണണമെന്ന സ്വപ്നം തന്റെ സഹോദരന്റെ സ്വപ്നം സഫലമാകാനുള്ള നീക്കങ്ങള്‍ പുതിയ അമീറുംസജീവമാക്കി. സൗദി സാംഖ്യരാഷ്ടങ്ങളിലെ ഭരണാധികാരികളുമായും ഖത്തര്‍ അമീറുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തിയും ദൂതുകള്അയച്ചുംശെയ്ഖ് നവാഫുംഅനുരഞ്ജനനീക്കങ്ങള് തുടര്‍ന്നു. ഏറ്റവും ഒടുവില്‍ ചരിത്രനഗരിയായ അല്‍ ഊലയില്‍ ജിസിസി ഉച്ചകോടി ആരംഭിയ്ക്കുന്നതിന്റെ തലേന്നാള്കുവൈത്ത് അമീര്സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമ്മദ് അല്‍ ഥാനിയുമായും ഫോണില്‍ നടത്തിയ സംഭാഷണമാണ് മൂന്നരവര്‍ഷത്തെ ഉപരോധം അവസാനിപ്പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. ഇതിനു ശേഷമാണ് കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് നാസര്‍ മുഹമ്മദ് അസ്വബാഹ് ലോകത്തോട് ഇക്കാര്യം വിളിച്ചറിയിച്ചത്.
പ്രതിസന്ധി മുഖത്തെ മനുഷ്യസ്നേഹി
അന്താരാഷ്ട്ര മാനുഷിക പ്രതിസന്ധികളില്‍ തണലായി നിന്ന നേതാവു കൂടിയായിരുന്നു ശൈഖ് സബാഹ്. യുഎസ് പ്രസിഡണ്ട് ജിമ്മി കാര്‍ട്ടര്‍ ഒരിക്കല്‍ കുവൈത്ത് അമീറിനെ വിശേഷിപ്പിച്ചത് 'മനുഷ്യസ്നേഹിയായ ആഗോള നേതാവ്' എന്നായിരുന്നു. ദുരന്തമുഖത്ത്, സമാധാന ശ്രമങ്ങളില്‍, പൊതു ആരോഗ്യമേഖലയില്‍ ശൈഖ് സബാഹ് ഒരു പ്രചോദനമായിരുന്നു. മറ്റു രാഷ്ട്ര നേതാക്കള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്- എന്നും കാര്‍ട്ടര്‍ വ്യക്തമാക്കിയിരുന്നു.
2014ല്‍ മിഡില്‍ ഈസ്റ്റ് കൗട്ട്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് 2013ല്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത സംഭാവന നല്‍കിയത് ശൈഖ് സബാഹ് ആയിരുന്നു. 300 ദശലക്ഷം യുഎസ് ഡോളറാണ് അദ്ദേഹം ദാനം ചെയ്തത്. 2014ല്‍ സബാഹിനെ യുഎന്‍ പുരസ്കാരം നല്കി ആദരിക്കുകയും ചെയ്തു. 2015ല്‍ സിറിയയിലെ പ്രതിസന്ധി പരിഹരിക്കാനായി 500 ദശലക്ഷം യുഎസ് ഡോളര്‍ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2017ല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് കുവൈത്തിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. കുവൈത്തിന് അജണ്ടകളില്ല. കുവൈത്തിന്റെ അജണ്ട സമാധാനം മാത്രമാണ് എന്നാണ് അ ഗുട്ടറസ് പറഞ്ഞത്.