LiveTV

Live

Gulf

വിദേശ ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്; അടുത്ത ബന്ധുക്കളെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സൗദി

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശി ജീവനക്കാരുടെ ആശ്രിതരായി അടുത്ത ബന്ധുക്കളെ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് അറിയിച്ചു

വിദേശ ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്; അടുത്ത ബന്ധുക്കളെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സൗദി

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശി ജീവനക്കാരുടെ ആശ്രിതരായി അടുത്ത ബന്ധുക്കളെ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് അറിയിച്ചു. വിദേശി തൊഴിലാളിയുടെ ഭാര്യ, മക്കള്‍ എന്നിവരെയാണ് അടുത്ത ആശ്രിതരായി പരിഗണിക്കുക. ഇവര്‍ക്ക് മാത്രമേ നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ലഭ്യമാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ ചുമതലയുള്ളൂവെന്നും കൗണ്‍സില്‍ വിശദീകരിച്ചു.

വിദേശി തൊഴിലാളികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്ന എല്ലാവര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനെ കുറിച്ച് നടന്ന പൊതു ചര്‍ച്ചയിലാണ് സൗദി കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് വിശദീകരണം നല്‍കിയത്. തൊഴിലാളിയുടെ അടുത്ത ബന്ധുക്കളായ ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ എന്നിവരെ മാത്രമാണ് ആശ്രിതരായി പരിഗണിക്കുക.

ഇവര്‍ക്ക് മാത്രമേ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നതിന് നിയമപരമായി സ്ഥാപനങ്ങള്‍ക്കും സ്‌പോണ്‍സര്‍ക്കും ബാധ്യതയുള്ളൂവെന്നും കൗണ്‍സില്‍ വ്യക്തമാക്കി. വിദേശിയുടെ മറ്റു അടുത്ത ബന്ധുക്കളായ പിതാവ്, മാതാവ്, സഹോദരി, സഹോദരങ്ങള്‍ എന്നിവര്‍ ആശ്രിത വിസയില്‍ കഴിയുന്നുണ്ടെങ്കില്‍ അവരുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തേണ്ടത് തൊഴിലാളിയുടെ ബാധ്യതയായിരിക്കും. എന്നാല്‍ ഭാര്യയുള്‍പ്പെടുന്ന അടുത്ത ആശ്രിതരുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നത് സ്‌പോണ്‍സറുടെയും സ്ഥാപനത്തിന്‍റെയും ബാധ്യതയാണെന്നും ഇതില്‍ യാതൊരു ഇളവും അനുവദിച്ചിട്ടില്ലെന്നും കോ ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ആവര്‍ത്തിച്ച് വ്യക്തമാക്കി.