LiveTV

Live

Gulf

സമുദ്രാതിർത്തി ലംഘിച്ചതിന് ബഹ്റൈനെതിരെ ഖത്തർ; യു.എൻ രക്ഷാസമിതിക്ക് പരാതി നൽകി

ബഹ്റൈന്‍ നാവിക ബോട്ടുകള്‍ അന്യായമായി തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരാതി.

സമുദ്രാതിർത്തി ലംഘിച്ചതിന് ബഹ്റൈനെതിരെ ഖത്തർ; യു.എൻ രക്ഷാസമിതിക്ക് പരാതി നൽകി

ബഹ്റൈനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ ഖത്തര്‍ വീണ്ടും പരാതി നല്‍കി. ബഹ്റൈന്‍ നാവിക ബോട്ടുകള്‍ അന്യായമായി തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരാതി. ഈ അതിക്രമത്തിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിലുണ്ട്

ഇക്കഴിഞ്ഞ നവംബര്‍ 25 ന് ബഹ്റൈന്‍റെ നാവികസേനാ ബോട്ടുകള്‍ തങ്ങളുടെ സമുദ്ര അതിര്‍ത്തി അന്യായമായി അതിക്രമിച്ച് കടന്നതായാണ് ഖത്തറിന്‍റെ പരാതി. രാജ്യാന്തര സുരക്ഷയും സമാധാനത്തിനും ഭംഗം വരുത്തുന്നതാണ് നടപടിയെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യുഎന്‍ സുരക്ഷാസമിതിക്ക നല്‍കിയ കത്തില്‍ പറയുന്നു. മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാനാണ് ശ്രമമെന്നും യുഎന്നിലെ ഖത്തറിന്‍റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിന്‍ സൈഫ് അല്‍ത്താനി സുരക്ഷാ കൌണ്‍സിലിനെ അറിയിച്ചു.

നേരത്തെ ഇക്കഴിഞ്ഞ ഒമ്പതിന് നാല് ബഹ്റൈനി യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളിലേക്ക് അതിക്രമിച്ചു കടന്നതായി ഖത്തര്‍ സുരക്ഷാ സമിതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി. ആഗോള സുരക്ഷ, സമാധാനം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ബഹ്റൈനെതിരെ യുഎന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഖത്തറിന്‍റെ ആവശ്യം. വരുന്ന അഞ്ചിന് റിയാദില്‍ വെച്ച് ജിസിസി കൌണ്‍സില്‍ യോഗം നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങളെന്നതും ശ്രദ്ധേയമാണ്.