LiveTV

Live

Gulf

സൗദിയില്‍ അഴിമതിക്കേസിൽ മുൻ വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ അറസ്റ്റിൽ

മുന്‍ വിദേശകാര്യ സഹമന്ത്രി, രാജ്യസുരക്ഷാവിഭാഗത്തിലെ മുന്‍ മേജര്‍ ജനറല്‍, മുന്‍ ബ്രിഗേഡിയര്‍ ജനറല്‍, ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ ഉപദേഷ്ടാവ് എന്നിവരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്.

സൗദിയില്‍ അഴിമതിക്കേസിൽ മുൻ വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ അറസ്റ്റിൽ

സൗദിയില്‍ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി ഉന്നതര്‍ പിടിയിലായി. മുന്‍ വിദേശ കാര്യ സഹമന്ത്രി ഉള്‍പ്പെടുയള്ള ഉന്നതരെയാണ് സൗദി അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്തത്. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടും.

സൗദി അഴിമതി വിരുദ്ധ സമിതി അഥവ നസഹയാണ് അഴിമതിക്കെതിരായ നടപടി വീണ്ടും ശക്തമാക്കിയത്. മുന്‍ മന്ത്രിയുള്‍പ്പെടെയുള്ള ഉന്നതര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സമിതി വെളിപ്പെടുത്തു. മുന്‍ വിദേശകാര്യ സഹമന്ത്രി, രാജ്യസുരക്ഷാ വിഭാഗത്തിലെ മുന്‍ മേജര്‍ ജനറല്‍, മുന്‍ ബ്രിഗേഡിയര്‍ ജനറല്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ഉപദേഷ്ടാവ് എന്നിവര്‍ അടങ്ങുന്ന ഉന്നത സംഘമാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്.

ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയ കേസിലാണ് ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍, ഉപദേഷ്ടാവ്, മറ്റു രണ്ട് ബിസിനസ് പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം പിടിയിലായത്. 234 ദശലക്ഷത്തിന്റെ പദ്ധതിയില്‍ നിന്നും 11 ദശലക്ഷം റിയാല്‍ ഇവര്‍ കൈപ്പറ്റിയതായാണ് സമിതി കണ്ടെത്തിയത്.

പണം കൈപ്പറ്റി അനര്‍ഹര്‍ക്ക് വിസ അനുവദിക്കുന്നതിന് കൂട്ടു നിന്നതിനാണ് മുന്‍ മന്ത്രി പിടിയിലായത്. ഭൂമി ഇടപാട് കേസില്‍ റെഡ്ക്രസന്‍റ് സാമ്പത്തിക വിഭാഗം ഡയറക്ടര്‍ ജനറലിനെയും, സിഗററ്റുകള്‍ നികുതി അടക്കാതെ ഇറക്കുമതി ചെയ്യുന്നതിന് ഒത്താശ ചെയ്തു കൊടുത്ത മൂന്ന് വിദേശികളെയും വ്യത്യസ്ത കേസുകളിലായി അറസ്റ്റ് ചെയ്തു. ഇതിന് പുറമേ പല കേസുകളിലായി വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍, സകാത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, യൂണിവേഴ്‌സിറ്റി, മുന്‍സിപ്പല്‍ മേധാവി എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടും.