ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് ഒമാനിൽ വിലക്ക്: വെള്ളിയാഴ്ച മുതൽ പ്രാബല്ല്യത്തിൽ വരും
വിലക്ക് ലംഘിക്കുന്നവർക്ക് നൂറ് മുതൽ രണ്ടായിരം റിയാൽ വരെ ആണ് പിഴ.
ഒമാനിൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്ല്യത്തിൽ വരും. വിലക്ക് നടപ്പിൽ വരുന്നതിന് മുന്നോടിയായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ഒമാൻ പരിസ്ഥിതി അതോറിറ്റി നടത്തി വരുന്നുണ്ട്.
കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നതിനാലാണ് അവക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിയിലും പേപ്പറിലും മറ്റ് ഓർഗാനിക് വസ്തുക്കളിലും നിർമിച്ച ഒന്നിൽ കൂടുതൽ പ്രാവശ്യം ഉപയോഗിക്കാൻ കഴിയുന്ന ബാഗുകൾ ഉപയോഗിക്കണമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
വിലക്ക് ലംഘിക്കുന്നവർക്ക് നൂറ് മുതൽ രണ്ടായിരം റിയാൽ വരെ ആണ് പിഴ. കുറ്റകൃതം ആവർത്തിക്കുന്ന പക്ഷം പിഴ സംഖ്യ ഇരട്ടിയാകും. പരിസ്ഥിതി സംരക്ഷണ മലിനീകരണ നിയന്ത്രണ നിയമമനുസരിച്ച് കടുത്ത പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്ന് അതോറിറ്റി വ്യാപാര സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.