വിദേശ സൈന്യം ഗൾഫ് മേഖലയുടെ സുരക്ഷക്ക് വൻഭീഷണി ഇറാന്
പുതിയ സംഘർഷത്തിന്റെ ഉത്തരവാദിത്തം അമേരിക്കക്ക് മാത്രമാണെന്നും തെഹ്റാൻ കുറ്റപ്പെടുത്തി

വിദേശ സൈന്യം ഗൾഫ് മേഖലയുടെ സുരക്ഷക്ക് വൻഭീഷണി സൃഷ്ടിക്കുന്നതായി ഇറാൻ. പുതിയ സംഘർഷത്തിന്റെ ഉത്തരവാദിത്തം അമേരിക്കക്ക് മാത്രമാണെന്നും തെഹ്റാൻ കുറ്റപ്പെടുത്തി. അധികാരം ഒഴിയും മുമ്പ് യു.എസ് പ്രസിഡന്റ് ട്രംപ് ആക്രമണത്തിനു തുനിഞ്ഞേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇറാന് വിശദീകരണം. ഗൾഫ് മേഖലയിൽ നിന്ന് വിദേശ സൈന്യത്തെ പുറന്തള്ളാതെ സമാധാനവും കെട്ടുറപ്പും ഉറപ്പാക്കാൻ സാധിക്കില്ലെന്ന് ഇറാൻ ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടറി വ്യക്തമാക്കി.
നിരന്തര സംഘർഷത്തിലേക്ക് ഗൾഫ് മേഖലയെ തള്ളുന്നത് അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികളുടെ സൈനിക സന്നാഹമാണെന്നും ഇറാൻ കുറ്റപ്പെടുത്തി. സംഘർഷത്തിന് ഇറാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സഇൗദ് ഖാതിബ്സാദെ പ്രതികരിച്ചു. ഇറാഖിലെ സുരക്ഷ വെല്ലുവിളിക്ക് ഇറാനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാൻ സൈനിക കമാണ്ടർ ഖാസിം സുലൈമാനി, ഇറാൻ ആണവ ശിൽപ്പി മുഹ്സിൻ ഫക്രിസാദെ എന്നിവരെ കൊലപ്പെടുത്തിയത് വലിയ അബദ്ധമാണെന്ന് ശത്രുവിന് ബോധ്യമാകുമെന്നും ഇറാൻ വിദേശകാര്യ വക്താവ് പറഞ്ഞു.
ജനുവരി 20ന് അധികാരം വിടുംമുമ്പ് മേഖലയിൽ സൈനിക നടപടിക്ക് യു.എസ് പ്രസിഡന്റ് ട്രംപ് മുതിർന്നേക്കുമെന്ന റിപ്പോർട്ടുകളെ കുറിച്ച് ചോദ്യത്തിന് ഏതു വെല്ലുവിളിയും നേരിടാൻ ഇറാൻ സജ്ജമാണെന്നായിരുന്നു സഇൗദ് ഖാതിബ്സാദെയുടെ പ്രതികരണം.