സാംബയും എന്‍.സി.ബിയും ലയിക്കുന്നു: സൌദിയില്‍ ബാങ്കുകളുടെ ലയന നടപടി തുടരുന്നു
നടപടി പൂര്‍ത്തിയായി ഏക ബാങ്ക് നിലവില്‍ വരുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി ഇത് മാറും.

സൗദിയിലെ പ്രമുഖ ബാങ്കുകളായ സാംബയുടെയും എന്‍.സി.ബി യുടെയും ലയന നടപടികള്‍ പുരോഗമിക്കുന്നതായി ബാങ്ക് ലയന സമിതി അറിയിച്ചു. ലയന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വിവിധ അതോറിറ്റികളുടെ അനുമതികള്‍ ലഭ്യമായി തുടങ്ങിയതായും ബാങ്ക് അതികൃതര്‍ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുമ്പാണ് ഇരു ബാങ്കുകള്‍ തമ്മില്‍ ലയിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ടിരുന്നത്.
രാജ്യത്തെ മുന്‍നിര ബാങ്കുകളായ സാംബയും അല്‍ അഹ്ലി അഥവ എന്‍.സി.ബി യും തമ്മില്‍ ലയിക്കുന്നതിനാണ് ധാരണയിലെത്തിയിരുന്നത്. ഇത് പ്രകാരം ലയന നടപടികള്‍ ആരംഭിച്ചതായും ആവശ്യമായ അനുമതികള്‍ ലഭ്യമായി തുടങ്ങിയതായും ബാങ്കുകള്‍ അറിയിച്ചു. ലയനം പൂര്‍ത്തിയാക്കുന്നതിന് രൂപീകരിച്ച ഇരു ബാങ്കുകളുടെയും പ്രതിനിധികള്‍ അടുങ്ങുന്ന ലയന സമിതിയാണ് ഇതിന് നേതൃത്വം നല്കി വരുന്നത്. സൗദി സെന്‍ട്രല്‍ ബാങ്ക്, സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി, ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍, വാണിജ്യ മന്ത്രാലയം, സൗദി ഷെയര്‍ മാര്‍ക്കറ്റ് കമ്പനിയായ തദവ്വുല്‍ എന്നിവ അടക്കമുള്ള വകുപ്പുകളുടെ ഔദ്യോഗിക അംഗീകാരത്തിനായി ശ്രമങ്ങള്‍ നടന്നു വരുന്നതായും സമിതി വ്യക്തമാക്കി. ഇവയുടെ നിയമാനുസൃത അനുമതികള്‍ കൂടി ലഭ്യമാകുന്നതോടെ ലയന നടപടികള്‍ പൂര്‍ത്തിയായേക്കുമെന്നും സമിതി കൂട്ടിചേര്‍ത്തു.
നടപടി പൂര്‍ത്തിയായി ഏക ബാങ്ക് നിലവില്‍ വരുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി ഇത് മാറും. ഒപ്പം ജി.സി.സിയിലെ മൂന്നാമത്തെ ബാങ്കെന്ന ബഹുമതിക്കും അര്‍ഹമായി തീരും. ലയനത്തോടെ ബാങ്കിന്റെ ആസ്തി 837 ബില്യണ്‍ റിയാലായും ഉയരും. ഇതോടെ സൗദി ബാങ്കിംഗ് മേഖലയുടെ 25 ശതമാനം വിഹിതം പുതിയ ബാങ്കിന്റേത് ആയി മാറും.