'ചെക്ക്മേറ്റ്' വെബ്സീരിസ്; ആദ്യപ്രദർശനം ദുബൈയിൽ
ഡിസംബർ 26ന് സീ ടിവി, സീ സിനിമ മിഡിലീസ്റ്റ് എന്നീ ചാനലുകൾ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും. ഒടിടി പ്ലാറ്റ്ഫോമിലും പരമ്പര ലഭ്യമാക്കും.

അടുത്തദിവസം സംപ്രേഷണം ആരംഭിക്കുന്ന ചെക്ക്മേറ്റ് എന്ന വെബ്സീരിസിന്റെ ആദ്യ പ്രദർശനം ദുബൈയിൽ നടന്നു. ഓയ്ജ വെബ്സീരീസ് കാറ്റഗറിയിൽ വരുന്ന ആദ്യ പരമ്പരയാണ് ഇതെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുബൈയിലെ സിനിമാപ്രവർത്തക സനൂഫർ ഫാത്തിമയാണ് ഇംഗ്ലീഷ് വെബ്പരമ്പരയായ ചെക്ക് മേറ്റിന്റെ സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത്. പരമ്പരയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സനൂഫറാണ്. ബോളിവുഡ് താരം ദിനോ മോറിയ, യു.എ.ഇ രാജകുടുംബാംഗം ശൈഖ് ബിന്ദ് അൽ ഖാസിമി എന്നിവർ പരമ്പരയുടെ ആദ്യപ്രദർശനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ആത്മാക്കളെ ആവാഹിക്കുന്ന ഓയ്ജോ ബോർഡുമായി ബന്ധപ്പെട്ട കഥകൾ പറയുന്ന ആദ്യ പരമ്പരയാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. വിഷമവലയത്തിൽ കുടുങ്ങിപ്പോയ യുവതി രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുടെ ഹൊറർത്രില്ലർ പരമ്പരയാണിത്.
ഡിസംബർ 26ന് സീ ടിവി, സീ സിനിമ മിഡിലീസ്റ്റ് എന്നീ ചാനലുകൾ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും. ഒടിടി പ്ലാറ്റ്ഫോമിലും പരമ്പര ലഭ്യമാക്കും. സെനിഫർ ഫാത്തിമ നേതൃത്വം നൽകുന്ന സെൻ ഫിലിം പ്രൊഡക്ഷൻസാണ് പരമ്പരയുടെ നിർമാണം. കോവിഡ് കാലത്ത് ഏഴ് ഹ്രസ്വചിത്രങ്ങളും ഇവർ പുറത്തിറക്കിയിരുന്നു.