അതിര്‍ത്തികളടച്ച് ഗള്‍ഫ് രാജ്യങ്ങള്‍; വിമാന സര്‍വീസുകളുണ്ടാകില്ല
ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടച്ചിടുന്നത്.

ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികളടച്ചു. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികടച്ചിട്ടുള്ളത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടച്ചിടുന്നത്.
സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ നേരത്തെ അടച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.