സൗദി ശമ്പള സംരക്ഷണ നിയമം പാലിക്കാത്തവർക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി മാനവവിഭവശേഷി മന്ത്രാലയം
സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അകൗണ്ടുകള്‍ വഴി മാത്രം ശമ്പളം വിതരണം ചെയ്യുന്നതാണ് സംരക്ഷണം നിയമം.

സൗദിയില്‍ നടപ്പിലാക്കിയ ശമ്പള സംരക്ഷണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അകൗണ്ടുകള്‍ വഴി മാത്രം ശമ്പളം വിതരണം ചെയ്യുന്നതാണ് സംരക്ഷണം നിയമം.
വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ വേതന സംരക്ഷണ നിയമത്തിന്റെ അവസാന ഘട്ടം ഈ മാസം ആദ്യത്തിലാണ് പ്രാബല്യത്തിലായത്. ഇതോടെ ബാങ്ക് എകൗണ്ടുകൾ വഴി മാത്രമേ ശമ്പള വിതരണം ചെയ്യാൻ പാടുള്ളൂ. നിയമം പാലിക്കാത്തതും ശമ്പള വിതരണത്തിന് കാലതാമസം വരുത്തുന്നതുമായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്വമേധയാ സ്പോണ്‍സർഷിപ്പ് മാറുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ നിയമം അനുവാദം നൽകുന്നുണ്ട്.
വൻകിട സ്ഥാപനങ്ങളിൽ വേതന സുരക്ഷാനിയമം ആദ്യം മുതൽക്ക് തന്നെ നടപ്പാക്കിയിട്ടുണ്ട്. ശമ്പളം കൃത്യ സമയത്ത് ലഭിച്ചില്ലെങ്കില്‍ ബാങ്ക് രേഖ തെളിവാകുമെന്നതാണ് നിയമത്തിന്റെ പ്രത്യേകത. ഇതു വെച്ച് തൊഴിലാളിക്ക് മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതിപ്പെടാം. രാജ്യത്തെ തൊഴിൽ മേഖല നേരിടുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും അറുതി വരുത്തുന്നതിന്റെ ഭാഗമായാണ് നിയമം നടപ്പിലാക്കിയത്.