ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ സഹകരണം; സൗദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓര്ഗനൈസേഷന് രൂപം നല്കി
ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങളിലെ സഹകരണം ലക്ഷ്യമിട്ടുമാണ് ഓര്ഗനേസേഷന് പ്രവര്‍ത്തിക്കുക
ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ സഹകരണം ലക്ഷ്യമിട്ട് സൗദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓര്ഗനൈസേഷന് രൂപം നല്കി. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങളിലെ സഹകരണം ലക്ഷ്യമിട്ടുമാണ് ഓര്ഗനേസേഷന് പ്രവര്‍ത്തിക്കുക. സൗദിയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് കൂട്ടായ്മയില്‍ ഉള്ളത്.
ഓര്ഗനൈസേഷന് രൂപീകൃതമായ വിവരം സൗദി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അബ്ദുല്ല അല്‍ സ്വാഹയാണ് പുറത്ത് വിട്ടത്. സൗദിയുള്‍പ്പെടുന്ന മേഖലയിലെ ഡിജിറ്റല്‍ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയും നവീകരണവും ലക്ഷ്യമിട്ടാണ് കൂട്ടായ്മ രൂപീകൃതമായത്. സൗദിയുടെ നേതൃത്വത്തില്‍ അഞ്ച് രാഷ്ട്രങ്ങളാണ് ഓര്‍ഗനൈസേഷനു കീഴില്‍ ഉള്ളത്. ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, പാകിസ്താന് എന്നിവയാണ് മറ്റു രാഷ്ട്രങ്ങള്‍. ഡിജിറ്റല്‍ സഹകരണ ഓര്ഗനൈസേഷന് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ സമ്പദ് വ്യവസ്ഥയുടെ ഡിജിറ്റലൈസേഷന് ത്വരിതപ്പെടുത്തുന്നതിനും നവീനവും ആധുനികവുമായ ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും രൂപം നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കും.
യുവതീയുവാക്കള്‍, സംരംഭകര്‍ എന്നിവരെ ശാക്തീകരിക്കുന്നതിലൂടെ ലക്ഷ്യം കൈവരിക്കുന്നതിനാണ് പദ്ധതി. പുതുതായി എല്ലാ മേഖലകളിലും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ നടപ്പിലാക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിന് ഇത് വഴി ശ്രമിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനകം ഡിജിറ്റല്‍ എക്കണോമിയുടെ വളര്‍ച്ച ഒരു ട്രില്ല്യണ്‍ ഡോളറായി ഉയര്‍ത്താനും സഹകരണം വഴി ലക്ഷ്യമിടുന്നുണ്ട്.