മുഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം; തക്ക സമയത്ത് പകരം ചോദിക്കുമെന്ന് ഇറാൻ
പ്രത്യക്ഷമായും പരോക്ഷമായും കൊലയിൽ പങ്കുവഹിച്ചവർക്കെതിരെ തക്ക സമയത്ത് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു

ഇറാന്റെ പ്രധാന ആണവ ശിൽപി കൂടിയായ മുഹ്സിൻ ഫക്രിസാദെയുടെ കൊലക്ക് പകരം ചോദിക്കണമെന്ന വികാരം ഇറാനിൽ ശക്തമാണ്. പ്രത്യക്ഷമായും പരോക്ഷമായും കൊലയിൽ പങ്കുവഹിച്ചവർക്കെതിരെ തക്ക സമയത്ത് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. അരുംകാലക്ക് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാൻ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇയും വ്യക്തമാക്കി. മുഹ്സിൻ ഫക്രിസാദെ ഭാഗഭാക്കായ എല്ലാ ആണവ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
കൊലക്കു പിന്നിൽ ഇസ്രായേലിന്റെ പങ്ക് വ്യക്തമാണെന്ന് ഇറാൻ നേതാക്കൾ അറിയിച്ചു. സയണിസ്റ്റ് രാഷ്ട്രത്തിന്റെ കിരാത ചെയ്തിക്കെതിരെ യുക്തമായ നടപടി ആവശ്യപ്പെട്ട് ഇറാൻ ഔദ്യോഗികമായി യു.എന്നിന് കത്ത് കൈമാറി. എന്നാൽ സംയമനം പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന അഭ്യർഥനയാണ് യു.എൻ സെക്രട്ടറി ജനറൽ മുന്നോട്ടു വെച്ചത്. ഇറാഖിൽ യു.എസ് സൈനികർക്കെതിരെ ഇറാൻ ആക്രമണം നടത്തിയാൽ വേറുതെയിരിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മുഴുവൻ സേനകളോടും ജാഗ്രത പുലർത്താൻ ഇസ്രായേൽ നിർദേശിച്ചു.
അതിനിടെ, മുഹ്സിൻ ഫക്രിസാദെയുടെ കൊലെയ അപലപിച്ച് യൂറോപ്യൻ യൂനിയൻ രംഗത്തു വന്നു. മനുഷ്യത്വവിരുദ്ധമായ ക്രിമിനൽ കുറ്റമാണിത്. സ്ഥിതിഗതികൾ സങ്കീർണമാക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു. സംഭവത്തിൽ അമേരിക്ക ഇനിയും പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് പദത്തിൽ നിന്ന് ഡൊണാൾഡ് ട്രംപ് വിരമിക്കും മുമ്പ് ഇറാനെതിരെ യുദ്ധത്തിന് അമേരിക്കയെ പ്രേരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് മുഹ്സിൻ ഫക്രിസാദെയുടെ കൊലയെന്ന വിമർശനവും ശക്തമാണ്.