LiveTV

Live

Gulf

ഷാർജ ഉൾപ്പെടെ മൂന്ന് എമിറേറ്റുകളിൽ രാത്രികാല ക്യാമ്പിങ്ങിന് വിലക്ക്; നിയമം ലംഘിച്ചാൽ പിഴ

ഏറ്റവും കൂടുതൽ വിനോദ സഞ്ചാര മേഖലകളുള്ള ഷാർജയിൽ ഏർപ്പെടുത്തിയ നിരോധനം അവധി ദിവസങ്ങൾ ആഘോഷമാക്കാൻ തീരുമാനിച്ച പ്രവാസികൾക്കും തിരിച്ചടിയായി

ഷാർജ ഉൾപ്പെടെ മൂന്ന് എമിറേറ്റുകളിൽ രാത്രികാല ക്യാമ്പിങ്ങിന് വിലക്ക്; നിയമം ലംഘിച്ചാൽ പിഴ

റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾക്ക് പിറകെ ഷാർജയിലും രാത്രികാല ക്യാമ്പിങ്ങിന് വിലക്ക്. ഏറ്റവും കൂടുതൽ വിനോദ സഞ്ചാര മേഖലകളുള്ള ഷാർജയിൽ ഏർപ്പെടുത്തിയ നിരോധനം അവധി ദിവസങ്ങൾ ആഘോഷമാക്കാൻ തീരുമാനിച്ച പ്രവാസികൾക്കും തിരിച്ചടിയായി. കോവിഡ് വ്യാപനം മുൻനിർത്തിയാണ് നടപടി.

രാത്രികാല ക്യാമ്പിങ്ങിന് ഏർപ്പെടുത്തിയ വിലക്ക് കർശനമായി നടപ്പാക്കാനാണ് ഷാർജ ഉൾപ്പെടെ മൂന്ന് എമിറേറ്റുകളുടെ തീരുമാനം. നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഫൈൻ ഈടാക്കുമെന്ന് മൂന്ന് എമിറേറ്റുകളിൽ നിന്നുള്ള അധികൃതർ മുന്നറിയിപ്പ് നൽകി. പ്രത്യേക പരിശോധനാ സംഘങ്ങളെയും ഇതിനായി നിയോഗിക്കും. ശൈത്യകാലം ശക്തിപ്പെട്ടതോടെ മരുഭൂമികളിലാകെ കൂടാരങ്ങളും കാരവനും നിറഞ്ഞിരിക്കുകയാണ്.

ദേശീയദിനവും വാരാന്ത്യ അവധിയും ഉൾപ്പെടെ അഞ്ച് ദിവസമാണ് ആളുകൾക്ക് അവധിയായി ലഭിക്കുക. അവധി ദിവസങ്ങൾ മുന്നിൽ കണ്ടാണ് മൂന്ന് എമിറേറ്റുകളിൽ നിരോധനം ഏർപ്പെടുത്തിയത്. ടെന്‍റുകളിലും കാരവനിലും ഒത്തുചേരുന്നതിനും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുമാണ് വിലക്ക്. എമിറേറ്റിന്‍റെ എല്ലാ മേഖലകളിലും നിരോധനം ബാധകമായിരിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായുള്ള നടപടി എല്ലാവരും പാലിക്കണമെന്ന് ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗനീം അൽ കാബി പറഞ്ഞു. ഭക്ഷണം ഉണ്ടാക്കാനോ കൈമാറാനോ സമ്മാനങ്ങൾ നൽകാനോ അനുവദിക്കില്ല. ഇവിടെയുള്ള താമസക്കാർ ആഘോഷങ്ങൾക്കായി ഒത്തുചേരുന്നതും നേരത്തെ നിരോധിച്ചിരുന്നു.