സൗദി അഴിമതി വിരുദ്ധ അതോറിറ്റി കൂടുതല്‍ കേസുകള്‍ പിടികൂടി: ഉന്നതര്‍ ഉള്‍പ്പെടെ നിരവധി പേര് അറസ്റ്റില്‍
പുതുതായി 150 കേസുകളാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്.
സൗദി അഴിമതി വിരുദ്ധ അതോറിറ്റി പുതുതായി നൂറ്റി അന്‍പതോളം അഴിമതി കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ വിവധ പ്രദേശങ്ങളില്‍ നിന്നായി സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസുകളാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് തുടക്കമിട്ടത്. ഇത്തവണ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍ ഉള്‍പ്പെടയുള്ളവരും പിടിയിലായിട്ടുണ്ട്.
സൗദി അഴിമതി വിരുദ്ധ അതോറിറ്റി അഥവ നസഹ അധികൃതരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സാമ്പത്തിക വഞ്ചന, കൈക്കൂലി, അഴിമതി എന്നീ വകുപ്പുകളിലാണ് കേസുകള്‍ രജിസ്ററര്‍ ചെയ്തിട്ടുള്ളത്. പുതുതായി 150 കേസുകളാണ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്. 226 പേരെ കേസുകളുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്തിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരും പിടിയിലായിട്ടുണ്ട്.
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍, കൈക്കൂലി, സ്വാധീനം ദുരുപയോഗം ചെയ്യുക, വഞ്ചന, പൊതുജനങ്ങളുടെ പണം തട്ടിയെടുക്കല്‍, അനധികൃത സാമ്പത്തിക നേട്ടത്തിനായി പണം കവരല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് അറസ്റ്റ്. പിടിയിലായ 48 പേരില്‍ 19 പേര് പ്രതിരോധ മന്ത്രാലയ ജീവനക്കാരാണ്. മൂന്ന് പേര് സിവില്‍ സര്‍വീസ് തസ്തികയിലുള്ളവരും 18 പേര് ബിസിനസ് പ്രമുഖരുമാണ്. ഇവരില്‍ 44 പേര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റം ചുമത്തിയതായും നസഹ അധികൃതര്‍ വ്യക്തമാക്കി. പ്രതികളില്‍ നിന്നും മില്ല്യണ്‍ കണക്കിന് വരുന്ന പണവും മറ്റു അമൂല്ല്യ വസ്തുക്കളും പിടിച്ചെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.