യു.എ.ഇയിലെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ഡിസംബർ നാല് മുതൽ അനുമതി
പള്ളിയുടെ ശേഷി അനുസരിച്ച് മുപ്പത് ശതമാനം പേർക്ക് മാത്രമായിരിക്കും നമസ്കരിക്കാൻ അവസരമൊരുക്കുക.

യു.എ.ഇയിലെ പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങളോടെ ജുമുഅ നമസ്കാരത്തിന് അനുമതി. ഡിസംബർ നാല് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. പള്ളിയുടെ ശേഷി അനുസരിച്ച് മുപ്പത് ശതമാനം പേർക്ക് മാത്രമായിരിക്കും നമസ്കരിക്കാൻ അവസരമൊരുക്കുക. ജുമുഅ നമസ്കാരത്തിന് അര മണിക്കൂർ മുമ്പ് മാത്രമായിരിക്കും പള്ളികൾ വിശ്വാസികൾക്ക് തുറന്നു കൊടുക്കുക.
"ഖുതുബയും നമസ്കാരവും പത്ത് മിനിറ്റിനുള്ളിൽ അവസാനിപ്പിക്കണം എന്നാണ് നിർദ്ദേശം. വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നതും മടങ്ങുന്നതും വോളന്റീയർമാരുടെ നിയന്ത്രണത്തിലായിരിക്കണം" നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്മന്റ് അതോറിറ്റി വക്താവ് ഡോക്ടർ സൈഫ് അൽ ദഹേരി പറഞ്ഞു. വിശ്വാസികൾ അനാവശ്യമായി പള്ളിപ്പരിസരങ്ങളെ സ്പർശിക്കാതിരിക്കാനും, സാമൂഹ്യ അകലം പാലിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മൂലം അടച്ചിട്ട പള്ളികൾ ജൂലൈ ഒന്ന് മുതൽ തുറന്നെങ്കിലും ജുമുഅക്ക് അനുമതി നൽകിയിരുന്നില്ല