LiveTV

Live

Gulf

മൈക് പോംപയോ യു.എ.ഇയിൽ; പശ്ചിമേഷ്യൻ സമാധാനത്തിന് ധാരണ

പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് മൈക് പോംപയോ അബൂദബിയിലെത്തിയത്.

മൈക് പോംപയോ യു.എ.ഇയിൽ; പശ്ചിമേഷ്യൻ സമാധാനത്തിന് ധാരണ

പശ്ചിമേഷ്യൻ സമാധാനം ഉറപ്പാക്കാൻ യോജിച്ച നടപടികൾ കൈക്കൊള്ളാൻ അമേരിക്കയും യു.എ.ഇയും തമ്മിൽ ധാരണയായി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപയോയും യു.എ.ഇ നേതാക്കളും അബൂദബിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇസ്രായേലുമായി യു.എ.ഇ രൂപപ്പെടുത്തിയ കരാർ പശ്ചിമേഷ്യൻ സമാധാന മാർഗത്തിൽ മികച്ച ചുവടുവെപ്പായി മാറുമെന്നും മൈക് പോംപയോ അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് മൈക് പോംപിയോ അബൂദബിയിലെത്തിയത്.

ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷം പരിഹരിക്കേണ്ടത് ലോക സമാധാനത്തിനു തന്നെ പ്രധാനമാണെന്ന് മൈക് പോംപയോയുമായുള്ള ചർച്ചയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. തീവ്രവാദം, പ്രകോപനപരമായ നടപടികൾ എന്നിവ അമർച്ച ചെയ്യാൻ ഒരുമിച്ചുള്ള നീക്കം ആവശ്യമാണെന്നും ഇരു നേതാക്കളും വ്യക്തമാക്കി. അന്തർദേശീയ സമൂഹം ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണം. ഇസ്രായേലുമായി യു.എ.ഇ രൂപപ്പെടുത്തിയ അബ്രഹാം കരാറിന്റെ തുടർ പ്രവർത്തനങ്ങൾ മൈക് പോംപിയോയും ശൈഖ് മുഹമ്മദും ചർച്ച ചെയ്തു. ഇറാൻ ആണവ പദ്ധതി ഉൾപ്പെടെ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഇടം പിടിച്ചു.

യു.എ.ഇയിൽ എത്തുന്നതിനു മുമ്പ് ഇസ്രായേലിലെ അധിനിവിഷ്ട കേന്ദ്രങ്ങളിൽ മൈക് പോംപയോ നടത്തിയ സന്ദർശനത്തിനെതിരെ അറബ് ലീഗും ഫലസ്തീൻ സംഘടനകളും രംഗത്തു വന്നിരുന്നു. അന്താരാഷ്ട്ര ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ഇരു വിഭാഗവും പ്രസ്താവനയിൽ കുറ്റെപ്പടുത്തുകയും ചെയ്യുകയുണ്ടായി.