LiveTV

Live

Gulf

'എംബിസെഡ്സാറ്റ്': പുതിയ ഉപഗ്രഹവുമായി യു.എ.ഇ

2021 ഓടെ ചൊവ്വയിലെത്താനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമായാണ് യു.എ.ഇ ദേശീയ ബഹിരാകാശ പദ്ധതി ആരംഭിച്ചത്.

'എംബിസെഡ്സാറ്റ്': പുതിയ ഉപഗ്രഹവുമായി യു.എ.ഇ

പൂർണമായും തദ്ദേശീയമായി നിർമിച്ച ഖലീഫ ഉപഗ്രഹത്തിന് ശേഷം ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രമെഴുതാൻ യു.എ.ഇ ഒരുങ്ങുന്നു. എംബിസെഡ്-സാറ്റ് എന്ന് പേരിട്ട സമ്പൂർണ എമിറാത്തി ഉപഗ്രഹം യു.എ.ഇ നിർമിക്കും.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ സാറ്റലൈറ്റ് സാങ്കേതികവിദ്യ മേഖലയിലെ ഏറ്റവും മികച്ചതായിരിക്കും. പദ്ധതിയുടെ പിന്നിലുള്ള ടീം 100 ശതമാനം സ്വദേശികളായിരിക്കുമെന്നും ട്വിറ്ററിലൂടെ ശൈഖ് മുഹമ്മദ് പറഞ്ഞു.

ഉപഗ്രഹം സിവിലിയൻ, വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പേര് എംബിഇസെഡ്-സാറ്റ് എന്നായിരിക്കും. മുമ്പത്തെ ഉപഗ്രഹത്തിന് ഖലീഫ സാറ്റ് എന്നായിരുന്നു നാമകരണം ചെയ്തത്.

യുഎഇയിൽ 100 ശതമാനം രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹമായിരുന്നു ഖലീഫ സാറ്റ്. ലോകത്തിലെ ഏറ്റവും നൂതനമായ വിദൂര സംവേദനാത്മക നിരീക്ഷണ ഉപഗ്രഹങ്ങളിലൊന്നായ ഇത് 2018 ഒക്ടോബറിലാണ് വിക്ഷേപിക്കപ്പെട്ടത്. ഭൂമിയുടെ ഉയർന്ന നിലവാരമുള്ളതും വിശദമായതുമായ ചിത്രങ്ങൾ പകർത്താനും ദുബൈലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശകേന്ദ്രത്തിലേക്ക് തിരികെ അയയ്ക്കാനുമുള്ള അഞ്ച് വർഷത്തെ ദൗത്യമാണ് ആരംഭിച്ചിരിക്കുന്നത്. 2021 ഓടെ ചൊവ്വയിലെത്താനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമായാണ് യു.എ.ഇ ദേശീയ ബഹിരാകാശ പദ്ധതി ആരംഭിച്ചത്.