LiveTV

Live

Gulf

കോവിഡ് ചികിത്സ സൌജന്യം; ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് സൗദി

വൃക്ക, കരൾ, ഹൃദയ സംബന്ധമായ രോഗമുള്ളവർക്കും, ജീവിത ശൈലി രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ, കോവിഡിനുള്ള ചികിത്സ സർക്കാർ ചെലവിലും, മറ്റ് ചികിത്സകൾ ഇൻഷൂറൻസ് പരിരക്ഷയിലുമാണ് ലഭിക്കുക

കോവിഡ് ചികിത്സ സൌജന്യം; ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് സൗദി

കോവിഡ് ചികിത്സക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് സൗദി ആരോഗ്യ ഇൻഷൂറൻസ് കൗൺസിൽ വ്യക്തമാക്കി. കോവിഡ് ബാധിതരുടെ ചികിത്സ സർക്കാർ ചെലവിൽ സൗജന്യമായി ലഭിക്കുന്നതാണ്. ഇന്നലെ 357 കോവിഡ് കേസുകളും, 361 രോഗമുക്തിയും സ്ഥിരീകരിച്ചു.

കോവിഡ് ചികിത്സക്ക് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ലെന്നും, കോവിഡ് ചികിത്സ സ്വദേശികൾക്കും, വിദേശികൾക്കും പൂർണമായും സൗദിയിൽ സൗജന്യമാണെന്നും ആരോഗ്യ ഇൻഷൂറൻസ് കൗൺസിൽ വക്താവ് പറഞ്ഞു. ഈ ആനുകൂല്യം നിയമലംഘകർക്കും ലഭിക്കും. വൃക്ക, കരൾ, ഹൃദയ സംബന്ധമായ രോഗമുള്ളവർക്കും, ജീവിത ശൈലി രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ, കോവിഡിനുള്ള ചികിത്സ സർക്കാർ ചെലവിലും, മറ്റ് ചികിത്സകൾ ഇൻഷൂറൻസ് പരിരക്ഷയിലുമാണ് ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സീസണൽ ഇൻഫ്‌ളുവൻസയുടേയും കോവിഡിന്റേയും ലക്ഷണങ്ങൾ പലതും സമാനമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ശക്തമായ പനി, ചുമ, ശ്വാസ തടസ്സം പോലുള്ള ലക്ഷണങ്ങൾ രണ്ട് രോഗങ്ങൾക്കും പ്രകടമാണ്. അതിനാൽ ഇത്തരം രോഗ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടണമെന്നും, ഇൻഫ്‌ളുവൻസക്കുള്ള കുത്തിവെപ്പുകൾ എല്ലാവരുമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ 357 കോവിഡ് കേസുകളും, 361 രോഗമുക്തിയും, 17 പേരുടെ മരണവുമാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 3,45,222 ഉം, രോഗമുക്തി 3,31,691 മായി. 5,313 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.