LiveTV

Live

Gulf

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫേസ് സ്കാനിംഗ് നടപ്പാക്കാനൊരുങ്ങി കുവൈത്ത്

കോവിഡ് പശ്ചാത്തലത്തിൽ പഞ്ചിങ് സംവിധാനം സുരക്ഷിതമല്ലെന്ന കാരണത്താലാണ് മുഖം സ്കാൻ ചെയ്യുന്ന സംവിധാനമൊരുക്കാൻ അധികൃതർ ആലോചിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫേസ് സ്കാനിംഗ് നടപ്പാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്തിൽ സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ ഹാജറെടുക്കാൻ പഞ്ചിങ്ങിന് പകരം ഫേസ് സ്കാൻ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. കോവിഡ് പശ്ചാത്തലത്തിൽ പഞ്ചിങ് സംവിധാനം സുരക്ഷിതമല്ലെന്ന കാരണത്താലാണ് മുഖം സ്കാൻ ചെയ്യുന്ന സംവിധാനമൊരുക്കാൻ അധികൃതർ ആലോചിക്കുന്നത്.

രാജ്യത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും ജനുവരിയോടെ ഫേസ് സ്കാനിങ് സംവിധാനം സ്ഥാപിക്കാനാണ് നീക്കം. വിവിധ സർക്കാർ ഏജൻസികൾ ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാർ കൃത്യസമയത്ത് ജോലിക്കെത്തുന്നു എന്നും നിശ്ചിത സമയം വരെ ഡ്യൂട്ടിയിലുണ്ടെന്നും ഉറപ്പാക്കാനാണ് നേരത്തെ ഫിംഗർ പഞ്ചിങ് നടപ്പാക്കിയത്. എന്നാൽ പഞ്ചിങ്ങിൽ കൃത്രിമം കാണിച്ചതും യന്ത്രം കേടുവരുത്തിയതുമായ നിരവധി സംഭവങ്ങൾ കണ്ടെത്തിയിരുന്നു.

ഇപ്പോൾ കോവിഡ് വ്യാപനത്തെ തുടർന്ന് ഫിംഗർ പഞ്ചിങ് താത്കാലികമായി നിർത്തിയിട്ടുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കൂടുതൽ കൃത്യമായ വിവരം നൽകുന്നതും കൃത്രിമത്തിനുള്ള സാധ്യത കുറവായതുമായ ഫേസ് സ്കാനിങ്ങിലേക്കു മാറാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.

അതേസമയം സ്കാനിങ് മെഷീൻ സ്ഥാപിക്കാൻ കമ്പനികളുമായി കരാറിലെത്തിയിട്ടില്ല. ടെൻഡർ നടപടികൾ പൂർത്തിയാവാനും ഡിവൈസ് സ്ഥാപിക്കാനും ചുരുങ്ങിയത് രണ്ടുമാസം എടുക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം സ്കാൻ സംവിധാനത്തിലേക്ക് മാറിയാൽ കോവിഡ് ഭീതിയൊഴിഞ്ഞാലും അതേനില തുടരാനാണ് സാധ്യത. ഫേസ് സ്കാനർ സിവിൽ സർവിസ് കമ്മീഷനുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട് . ജീവനക്കാരുടെ ഹാജർ നില സംബന്ധിച്ച വിവരം അപ്പപ്പോൾ തന്നെ സിവിൽ സർവിസ് കമീഷനും ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.