LiveTV

Live

Gulf

ഇസ്രായേൽ ബന്ധം; ഫലസ്തീനെ സ്വാധീനിക്കാൻ അറബ് നീക്കം

എന്നാൽ യു.എ.ഇയും ബഹ്റൈനും കൈക്കൊണ്ട തീരുമാനം പശ്ചിമേഷ്യക്ക് പുതിയ ദിശാബോധം പകരുമെന്ന് ഇസ്രായേലുമായി നേരത്തെ ബന്ധം രൂപപ്പെടുത്തിയ ഈജിപ്തും ജോർദാനും അഭിപ്രായപ്പെട്ടു

ഇസ്രായേൽ ബന്ധം; ഫലസ്തീനെ സ്വാധീനിക്കാൻ അറബ് നീക്കം

ഇസ്രായേലുമായി ചില അംഗരാജ്യങ്ങൾ സമ്പൂർണ നയതന്ത്ര ബന്ധം പ്രഖ്യാപിച്ചതിൽ ഫലസ്തീൻ ജനതക്കുള്ള എതിർപ്പ് മയപ്പെടുത്താൻ അറബ് ലീഗ് നീക്കമാരംഭിച്ചു. ജറൂസലേം കേന്ദ്രമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്ന് അറബ് ലീഗ് വ്യക്തമാക്കി. ഫലസ്തീൻ സംഘടനകളെ വിശ്വാസത്തിലെടുക്കാൻ അനൗപചാരിക ചർച്ചകളും സജീവമാണ്.

ഇസ്രായേലുമായി കൈകോർക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ ഫലസ്തീൻ തിരികെ വിളിച്ചിട്ടുണ്ട്. 1967ന് മുമ്പുള്ള അതിർത്തി പ്രകാരം ജറൂസലേം കേന്ദ്രമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകും വരെ ഇസ്രായേലുമായി ബന്ധം പാടില്ലെന്ന് ഫലസ്തീൻ നേതൃത്വം വ്യക്തമാക്കി. എന്നാൽ പരമാധികാര രാജ്യങ്ങളെന്ന നിലയിൽ കൈക്കൊണ്ട തീരുമാനം ഫലസ്തീൻ താൽപര്യങ്ങളെ ഹനിക്കില്ലെന്ന് യു.എ.ഇ, ബഹ്റൈൻ ഭരണാധികാരികൾ അറിയിച്ചു. വിഷയത്തിൽ അടിയന്തര അറബ് ലീഗ് വിളിച്ചു ചേർക്കണമെന്ന ഫലസ്തീൻ ആവശ്യവും അംഗീകരിക്കാനിടയില്ല. അയൽരാജ്യങ്ങളുടെ നിലപാടുമാറ്റത്തിൽ സൗദി അറേബ്യയുടെ ഭാഗത്തു നിന്ന് ഇനിയും പ്രതികരണം വന്നിട്ടില്ല.

എന്നാൽ യു.എ.ഇയും ബഹ്റൈനും കൈക്കൊണ്ട തീരുമാനം പശ്ചിമേഷ്യക്ക് പുതിയ ദിശാബോധം പകരുമെന്ന് ഇസ്രായേലുമായി നേരത്തെ ബന്ധം രൂപപ്പെടുത്തിയ ഈജിപ്തും ജോർദാനും അഭിപ്രായപ്പെട്ടു. കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്രായേലുമായി അടുക്കുമെന്ന് യു.എസ് പ്രസിഡൻറ് ട്രംപിന്‍റെ മുഖ്യ ഉപദേശകൻ ജെറദ് കുഷ്നർ പറഞ്ഞു. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ ട്രംപിന്‍റെയും ബെന്യമിൻ നെതന്യാഹുവിന്‍റെയും സാന്നിധ്യത്തിലാണ് യു.എ,ഇയും ബഹ്റൈനും ഇസ്രായേലുമായി തന്ത്രപ്രധാന കരാറിൽ ഒപ്പുവെക്കുക.