LiveTV

Live

Gulf

സൗദി അരാംകോയുടെ ലാഭവിഹിതത്തില്‍ ഇടിവ്

ഈ വര്‍ഷത്തെ രണ്ടാം പാദത്തിലാണ് കുറവ് രേഖപ്പെടുത്തിയത്.

സൗദി അരാംകോയുടെ ലാഭവിഹിതത്തില്‍ ഇടിവ്

സൗദി അറേബ്യന്‍ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ വരുമാനത്തില്‍ ഇടിവ്. ഈ വര്‍ഷത്തെ രണ്ടാം പാദ റിപ്പോര്‍ട്ടിലാണ് കുറവ് രേഖപ്പെടുത്തിയത്. എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കമ്പനി വിജയകരമായി തരണം ചെയ്തതായി സി.ഇ.ഒ പറഞ്ഞു. ആഗോള എണ്ണ വിപണി വീണ്ടെടുപ്പിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആഗോള തലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ രണ്ടാം പാദത്തിലെ സാമ്പത്തിക റിപ്പോര്‍ട്ടാണ് സൗദി അരാംകോ പ്രസിദ്ധീകരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച കമ്പനിയുടെ അറ്റാദായത്തില്‍ വന്‍ ഇടിവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. 6.57 ബില്യണ്‍ ഡോളറാണ് ഇത്തവണത്തെ ലാഭം. കഴിഞ്ഞ വര്‍ഷം ഇത് 24.7 ബില്യണ്‍ ഡോളറായിരുന്നു. മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ലോകവും ആഗോള എണ്ണ വിപണിയും സ്തംഭിച്ചു. എന്നാല്‍ ഈ പ്രതിസന്ധി കാലത്തെയും സൗദി അരാംകോക്ക് വിജയകരമായി തരണം ചെയ്യാന്‍ കഴിഞ്ഞതായി സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു.

സൗദി സ്റ്റോക്ക് എക്‌സചേഞ്ച് ആയ തദവ്വുലില്‍ കമ്പനിയുടെ രണ്ടാം പാദ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തന ക്ഷമതയും വിശ്വാസ്യതയുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബിസിനസ്സ് രംഗത്തെ റെക്കോര്‍ഡ് സൃഷ്ടിക്കലുകള്‍ക്കപ്പുറം ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുളള നടപടികളും സ്വീകരിച്ചു വരുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. മാഹാമാരിക്കു ശേഷം എണ്ണ വിപണി വീണ്ടെടുപ്പിന്റെ പാതയിലാണ്. അധികം വൈകാതെ പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.