LiveTV

Live

Gulf

ഇന്ത്യയിൽ എന്നല്ല ലോകത്തെവിടെയും തന്നെ ഇസ്‍ലാമോഫോബിയ അംഗീകരിക്കാനാവില്ല; യു.എ.ഇ രാജകുമാരി

പ്രമുഖ സമാധാന പ്രവർത്തകയും ബിസിനസ് വുമണുമായ യു.എ.ഇ രാജകുമാരി ശൈഖാ ഹെൻഡ്, വർധിച്ചുവരുന്ന മുസ്‍ലിം വിരുദ്ധ പ്രചരണങ്ങളും ഇസ്‍ലാമോഫോബിയയും സംബന്ധിച്ച് Two circles.netന് നൽകിയ അഭിമുഖം

ഇന്ത്യയിൽ എന്നല്ല ലോകത്തെവിടെയും തന്നെ ഇസ്‍ലാമോഫോബിയ അംഗീകരിക്കാനാവില്ല; യു.എ.ഇ രാജകുമാരി

കോവിഡ് 19 ന്‍റെ സാഹചര്യത്തിലും ഇന്ത്യയിൽ വർധിച്ചു വരുന്ന മുസ്‍ലിം വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ താങ്കൾ മുന്നോട്ട് വരികയും പ്രതികരിക്കുകയും ചെയ്തിരുന്നുവല്ലോ. അത്തരത്തിൽ രംഗത്ത് വരാൻ താങ്കളെ പ്രേരിപ്പിച്ചത് എന്തായിരുന്നു ?

അത് വളരെ ആകസ്മികമായിരുന്നു. എന്റെ മതത്തെയും രാജ്യത്തെയും ഭരണാധികാരികളെയും നേതാക്കളെയും താഴ്ത്തിക്കെട്ടുന്ന ഒരു ട്വിറ്റർ സന്ദേശം എന്‍റെ ശ്രദ്ധയിൽ പെട്ടിരുന്നു.

യു.എ.ഇയിൽ ജോലിക്കാരനായ ഒരു ഇന്ത്യൻ പൗരന്റേതായിരുന്നു ആ ട്വീറ്റ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 80% ബിസിനസ്സും യു.എ.ഇയിൽ ഇന്ത്യക്കാരാണ് നടത്തുന്നത്. എന്നാൽ അത്രത്തോളം ഇന്ത്യക്കാർ യു.എ.ഇയിൽ ഇല്ല എന്ന് മാത്രമല്ല, വെറും 10%ത്തിൽ താഴെയാണ് ഇവിടെയുള്ള ഹിന്ദു ജനസംഖ്യ പോലും. ഇന്ത്യയിലെ തീവ്ര വലതുപക്ഷ ചിന്താഗതിക്കാരിൽ പെട്ട ചില ആളുകൾ അപക്വമായി പെരുമാറിയതായും, കോവിഡുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളുടെ സാഹചര്യത്തിൽ നാടുവിട്ടതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 40 വർഷത്തോളം ഇവിടെ തൊഴിലെടുത്തിട്ട് പണവുമായി മുങ്ങിയ ഒരു കേസ് അടുത്തിടെയും ഒരാളിൽ ആരോപിക്കപ്പെട്ടു. ഇതൊക്കെയും അവർ മനപ്പൂർവം ചെയ്യുന്നതാണെന്നോ, പണവുമായി അയാൾ മുങ്ങിയതാണെന്നോ ഒന്നും ഞാൻ വാദിക്കുന്നില്ല. മറിച്ച് അവരെ പ്രതിരോധിക്കുന്നുമില്ല.

സമാധാനപരമായി ജോലി ചെയ്യാൻ വരുന്നവരെ ഞങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. തെറ്റ് ആരോപിക്കപ്പെട്ടാൽ സ്വയം ചെറുത്തുനിൽക്കുവാനും, തെറ്റുകൾ നികത്തുവാനും പ്രായശ്ചിത്തം ചെയ്യാനും എല്ലാവർക്കും അവകാശമുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നവരെപ്പോലെ അപമര്യാദപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരെ കണ്ടുപിടിച്ച് ഞങ്ങൾ ജയിലിൽ അയക്കും. തീർച്ചയായും വിദ്വേഷം വംശഹത്യയിലേക്ക് നയിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എനിക്ക് ധാരണയില്ലായിരുന്നു. മാധ്യമങ്ങൾ പോലും കൃത്യമായി റിപ്പോർട്ട് ചെയ്യാത്ത, അവിടെ നടക്കുന്ന വംശഹത്യകളെ കുറിച്ച് ഈ സംഭവത്തിന് ശേഷമാണ് ഞാൻ മനസ്സിലാക്കിത്തുടങ്ങിയത്. ലോകം എന്തുകൊണ്ടാണ് ഇതുസംബന്ധിച്ച് നിശബ്ദത കൈക്കൊള്ളുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല.

ഇന്ത്യൻ ഗവണ്‍മെന്‍റ് ലോക്ക്ഡൌണ്‍ കാലത്ത് പ്രതിഷേധ ശബ്‍ദങ്ങളെ അടിച്ചമർത്തുകയാണ്. നിരവധി വിദ്യാർത്ഥികളെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യുകയും കരിനിയമങ്ങൾ ചുമത്തുകയും ചെയ്തിട്ടുണ്ട് . ഇതിൽ കൂടുതലും മുസ്‍ലിം വിഭാഗത്തിൽ പെട്ടവരുമാണ്. ഈ സംഭവങ്ങളെ താങ്കൾ എങ്ങിനെയാണ് നോക്കിക്കാണുന്നത്?

വളരെയധികം അപലപനീയമായ കാര്യങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഗര്‍ഭിണിയായിരുന്നിട്ട് കൂടി സഫൂറ സർഗാർ എന്ന യുവതിയെ കേൾക്കാൻ പോലും തയ്യാറാകാതെ കോടതി വീണ്ടും ജാമ്യം നിഷേധിച്ചിരിക്കുന്നു. അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കൻ ലോയേഴ്സ് ബാർ അസോസിയേഷൻ വരെ സംസാരിക്കുകയുണ്ടായി. ഗർഭിണിയായ ഒരു സ്ത്രീയുടെയും, പിറക്കാൻ പോകുന്ന ഒരു കുഞ്ഞിന്‍റെയും മനുഷ്യാവകാശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ലോകത്തിനുമുന്നിൽ ഇന്ത്യ സ്വയം പ്രതിഛായ തകർക്കുകയാണ് ചെയ്യുന്നത്.

അഭിപ്രായങ്ങൾ പറയാനോ ചർച്ച ചെയ്യാനോ തയ്യാറായാൽ അക്രമിക്കപ്പെടേണ്ടി വരുമെന്ന നിലപാടാണ് ഇന്ത്യ ഇപ്പോൾ കൈക്കൊള്ളുന്നത്. രണ്ട് വർഷങ്ങൾക്ക് മുന്നേ ബിസിനസ് യാത്രയുടെ ഭാഗമായി ഇന്ത്യയിൽ വന്നപ്പോൾ ഒരു ക്ഷേത്രം സന്ദർശിച്ച എന്റെ പഴയ വീഡിയോ സംബന്ധിച്ച് നടത്തിയ പ്രചാരണങ്ങളും ഇതേ കണ്ണിലൂടെയാണ് ഞാൻ നോക്കിക്കാണുന്നത്. അന്ന് എന്നെ അവിടേക്ക് ക്ഷണിച്ചവരുടെ ആഥിത്യമര്യാദകൾ എന്നെ ഒരുപാട് ആകർഷിക്കുകയും, തിരിച്ച് അവരെ ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക്കിലേക്ക് അതേ ആഥിത്യമര്യാദകളോടെ സ്വീകരിക്കാൻ എന്നെ ഏറെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഞാൻ മനസ്സിലാക്കുന്നത് മറ്റുള്ളവരോട് സഹിഷ്ണുതയോടെയും സ്നേഹത്തോടെയും പെരുമാറുമ്പോഴാണ് അവരിൽ നിന്നും അതേ സമീപനം നമുക്കും ലഭിക്കുക എന്നാണ്.

ഏത് രീതിയിലാണ് ഗൾഫ് രാജ്യങ്ങൾ സമീപകാല ഇസ്‍ലാമോഫോബിക് പ്രചരണങ്ങളോടും പ്രവർത്തനങ്ങളോടും പ്രതികരിച്ചിട്ടുള്ളത് ?

യു.എ.ഇയിൽ ജീവിച്ചുകൊണ്ട് അത്തരം വിദ്വേഷപ്രചാരണങ്ങൾ നടത്തിയാൽ തക്കതായ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടിവരും. അങ്ങനെ ചെയ്താൽ ജോലി നഷ്ടപ്പെടുകയും ഉയർന്ന തുക ഫൈൻ അടക്കേണ്ടി വരികയും ചെയ്യും എന്നറിയുന്നത്കൊണ്ട് ആരും അതിന് മുതിരാറില്ല. ഇന്ത്യക്കാരും അറബികളും പരസ്പരം ബഹുമാനത്തോടെയും സ്നേഹത്തോടെയും ആണ് സഹവസിക്കുന്നത്. ഒരേ മതസ്ഥരും വ്യത്യസ്ത മതവിഭാഗക്കാരുമെല്ലാം അങ്ങനെ തന്നെ.

2014ൽ മോദി അധികാരത്തിൽ വന്നതിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ ഇസ്‌ലാംഭീതി വർധിച്ചുവരുന്നതായി താങ്കൾ നോക്കിക്കാണുന്നുണ്ടോ?

സമീപകാലത്തല്ലാതെ ഞാൻ എന്‍റെ രാജ്യത്ത് ഇസ്‌ലാംഭീതി കണ്ടിട്ടേയില്ല. എനിക്ക് പറയാനുള്ളത് യാതൊരു രീതിയിലും ഇത് മുസ്‍ലിംകൾ അംഗീകരിക്കാൻ പോകുന്നില്ല എന്നാണ്.

എമിറേറ്റ്സിലെ മുസ്‌ലിംകൾ നിശ്ശബ്ദരായിരുന്നിയിരിക്കാം, പക്ഷെ ഇതിന് അവർ യാതൊരുവിധ ഇടവും നൽകുകയില്ല. നോക്കൂ, ഇപ്പോൾ തന്നെ കുവൈറ്റിൽ ഹൈന്ദവ വിഭാഗത്തിൽ പെട്ടവരെ ജോലിക്കെടുക്കുന്നതിൽ ആളുകൾ വിസമ്മതം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ഈയടുത്ത് പ്രച്ചരിപ്പിക്കപ്പെട്ട 'മുസ്‌ലിംകൾ എല്ലാം കൊല്ലപ്പെടണം' എന്നാവശ്യപ്പെടുന്ന ഒരു ഡോക്ടറുടെ വീഡിയോ വളരെയധികം അസഹിഷ്ണുതയോടെയാണ് കുവൈറ്റിലെയും സൗദി അറേബ്യയയിലെയും എമിറേറ്റ്സിലേയും ആളുകൾ വീക്ഷിച്ചിട്ടുള്ളത്.

ഞാൻ എന്‍റെ കുടുംബം പോലെ കണക്കാക്കുന്ന എന്‍റെ ജോലിക്കാർ ഹിന്ദുക്കളും മുസ്‍ലിംകളുമെല്ലാം ഉൾക്കൊള്ളുന്നതാണ്.

ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നവരെയോ, ഇന്ത്യയിൽ മുസ്‍ലിംകളെ അക്രമിക്കുന്നവരെയോ പോലെ അപമര്യാദയോടെ ഇതുവരേയും എന്‍റെ അറിവിൽ അവർ പെരുമാറിയിട്ടില്ല.

ഇന്ത്യയിലെ ഹൈന്ദവ ഫാഷിസം ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ജീവിക്കുന്ന ഇന്ത്യൻ പ്രവാസികളെ മോശമായി ബാധിക്കുന്നുവെന്ന് താങ്കൾ കരുതുന്നുണ്ടോ?

എങ്ങനെയാണ് ഇന്ത്യ പോലൊരു രാജ്യത്ത്, മറ്റെല്ലാവരെയും പിന്തള്ളിക്കൊണ്ട് ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ പാർട്ടി മുന്നോട്ട് വന്നത് എന്നെനിക്ക് അറിയില്ല.

ഇന്ത്യയിലെ ഡോക്ടർ ദേവി ഷെട്ടിയെ പോലുള്ള ആളുകളോട് എനിക്ക് വളരെയധികം ബഹുമാനമാണ്. ഞാനത് അദ്ദേഹത്തോട് പറയുകയും ചെയ്തിട്ടുണ്ട്. വളരെയധികം മനുഷ്യത്വപരമായ ഒരു സൽപ്രവൃത്തിയാണ് അദ്ദേഹത്തിന്‍റേത്. അദ്ദേഹത്തെപോലുള്ളവരിൽനിന്ന് ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിക്കേണ്ടതുണ്ട്. മറിച്ച് ഇന്ത്യയിൽ സമീപകാലത്ത് നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും മനിഷ്യർക്കിടയിലെ പരസ്പര വിശ്വാസത്തെപ്പോലും തകർത്തതുകളയുന്ന രീതിയിലുള്ളവയാണ്. ഹിന്ദുത്വ ഫാഷിസം ബാധിച്ചവരെയും ഹിന്ദുമതസ്ഥരെയും തിരിച്ചറിയാൻ സാധിക്കാതെ ഇന്ത്യയിൽ മുസ്‍ലിംകളും ക്രിസ്ത്യാനികളും അവർക്കിടയിൽ തന്നെയുള്ള ഡോക്ടർമാരിൽ നിന്ന് മാത്രമേ വിശ്വാസപൂര്‍വം ചികിത്സ തേടാവൂ എന്ന് ചിന്തിക്കുന്നിടത്ത് വരെ കാര്യങ്ങൾ എത്തിനിൽക്കുന്നു. അവർ ഹിന്ദുത്വയുടെ അജണ്ടയെ തിരിച്ചറിഞ്ഞതുകൊണ്ടാണത്.

ഫാഷിസ്റ്റ് അജണ്ടയെയും നിലപാടുകളെയും അംഗീകരിക്കാത്തവരെ അക്രമിക്കുന്നതിന് നിയമസാധുത കണ്ടെത്തുന്ന ഇന്ത്യയിലെ സമീപകാല സംഭവങ്ങൾ തീർത്തും ലജ്ജാകരമാണ്. എത്രയും പെട്ടെന്ന് ഇന്ത്യയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്.

കടപ്പാട്: Two circles.net

പരിഭാഷ: ദിലാന തസ്‍ലിം