LiveTV

Live

Gulf

ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദുബൈയിൽ ടാക്സി ഡ്രൈവറായിരുന്ന കണ്ണൂർ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെപ്പുരയിലെ ലത്തീഫ് ആണ് മരിച്ചത്

ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദുബൈയിൽ ടാക്സി ഡ്രൈവറായിരുന്ന കണ്ണൂർ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെപ്പുരയിലെ ലത്തീഫ് (42) ആണ് മരിച്ചത്. അഴീക്കോട് സ്വദേശിയായ ജസീല ആണ് ഭാര്യ . ലബീബ് ,സഹൽ എന്നിവർ മക്കളാണ്. ഹനീഫ,റഷീദ, ഷാഫി, ഷൈജൽ എന്നിവർ സഹോദരങ്ങളാണ്.

ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 226 ആയി. അതേസമയം ഗൾഫിൽ കോവിഡ് മരണസംഖ്യ 1939 ആയി ഉയർന്നു. എണ്ണായിരത്തിലേറെ പേർക്കാണ് പുതുതായി രോഗബാധയേറ്റത്. ഇതോടെ ഗൾഫിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു.

സൗദിയിൽ 39ഉം കുവൈത്തിൽ മൂന്നും ഖത്തർ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ രണ്ടും വീതം രോഗികളാണ് മരിച്ചത്. സൗദി ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ മരണസംഖ്യ താരതമ്യേന കുറഞ്ഞ ദിവസമായിരുന്നു ഇന്നലെ. സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. പിന്നിട്ട ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 8323 പേർക്കാണ് രോഗബാധയേറ്റത്. ഇതിൽ പകുതിയിലേറെയും സൗദിയിൽ തന്നെ. 4919 പേർ. ഖത്തറിൽ 1097 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമാനിൽ 810ഉം കുവൈത്തിൽ 575ഉം ബഹ്റൈനിൽ 540 ഉം യു.എ.ഇയിൽ 382ഉം ആണ് പുതിയ രോഗികളുടെ എണ്ണം.

ഗൾഫിൽ രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് കുതിക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. എന്നാൽ രോഗം ഭേദപ്പെട്ടവരുടെ എണ്ണത്തിൽ നിത്യവും ഗണ്യമായ വർധനയാണ് രേഖപ്പെടുത്തുന്നത്. രണ്ട് ലക്ഷത്തി മുപ്പത്തി എണ്ണായിരം പേരാണ് ഇതിനകം കോവിഡ് രോഗവിമുക്തി കൈവരിച്ചത്.

രോഗവ്യാപനം കുറഞ്ഞിരിക്കെ, യു.എ.ഇയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അബൂദബിയിൽ നിന്ന് മറ്റു എമിറേറ്റുകളിലേക്ക് അനുമതി ഇല്ലാതെ പോകാമെന്നും അധികൃതർ വ്യക്തമാക്കി.