LiveTV

Live

Gulf

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു; ആദ്യ പടിയായി തുറക്കുന്ന പള്ളികളുടെ ലിസ്റ്റ് മതകാര്യമന്ത്രാലയം പുറത്തുവിട്ടു

494 പള്ളികളാണ് കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വിശ്വാസികള്‍ക്കായി തുറുന്നുകൊടുക്കുന്നത്

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നു; ആദ്യ പടിയായി തുറക്കുന്ന പള്ളികളുടെ ലിസ്റ്റ് മതകാര്യമന്ത്രാലയം പുറത്തുവിട്ടു

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ആദ്യഘട്ടമായ ജൂണ്‍ പതിനഞ്ചിന് തുറന്നുകൊടുക്കുന്ന പള്ളികളുടെ പട്ടികയാണ് മതകാര്യമന്ത്രാലയം പുറത്തിറക്കിയത്. വിവിധ ഭാഗങ്ങളിലായി മൊത്തം 494 പള്ളികളാണ് തുറന്നുകൊടുക്കുന്നത്. അസ്സലാത്ത അല്‍ ജദീഹയില്‍ ഒമ്പത്, അബൂ ഹമൂറില്‍ എട്ടെണ്ണം, അഷ്ഹാവയില്‍ 12, ഉമ്മു സനിമില്‍ 6, ഉംസലാലില്‍ 19, ബൂ സിദ്റയില്‍ 4,ബാനി ഹജറില്‍ 13 എന്നീ പള്ളികളാണ് തുറന്നു കൊടുക്കുന്നത്. കോവിഡ് മുന്‍കരുതലുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചേ വിശ്വാസികള്‍ പള്ളികളിലെത്താകൂ. അംഗസ്നാനം വീട്ടില്‍ വെച്ച് തന്നെ നിര്‍വഹിച്ച് വേണം പള്ളികളിലെത്താന്‍. ടോയ്ലറ്റ് സൌകര്യവും അനുവദിക്കില്ല.

ബാങ്ക് വിളിച്ചതിന് ശേഷം മാത്രമെ പള്ളികള്‍ തുറന്നുകൊടുക്കാവൂ. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ നമസ്കാരമാകാവൂ. മാസ്ക്, ഗ്ലൌസ്, സ്മാര്‍ട്ട്ഫോണിലെ ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ പച്ചബാര്‍കോഡ് തുടങ്ങിയവ പള്ളിയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധമാണ്. ഓരോരുത്തര‍്ക്കും നമസ്കരിക്കാനുള്ള പായകളും പാരായണം ചെയ്യാനുള്ള ഖുര്‍ആനും സ്വന്തമായി കൊണ്ടുവരണം. ഈ പായകള്‍ പള്ളികളില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. കോവിഡ് നിബന്ധനകളല്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തുന്ന പള്ളികള്‍ വീണ്ടും പൂട്ടിയിടേണ്ടി വരുമെന്നും മതകാര്യമന്ത്രാലയം അറിയിച്ചു