LiveTV

Live

Gulf

അകക്കണ്ണില്‍ നിറയെ ദോഹ കണ്ടു, മനം നിറഞ്ഞ് അയാള്‍ യാത്രയായി

കോവിഡ് മഹാമാരിക്കും തടയിടാനാവാത്ത നന്മയുടെ വറ്റാത്ത നീര്‍ച്ചാലുകള്‍ ഖത്തറിന്‍റെ മണലാരണ്യത്തിലുണ്ടെന്ന് ബോധ്യമായ നിമിഷങ്ങളാണ്

അകക്കണ്ണില്‍ നിറയെ ദോഹ കണ്ടു, മനം നിറഞ്ഞ് അയാള്‍ യാത്രയായി

ഇന്നലെ ആ പോസ്റ്റിട്ടതിന് ശേഷം ഈ കുറിപ്പിനായി ടൈപ്പ് ചെയ്യുന്നത് വരെ എന്‍റെ ഫോണില്‍ വിളിയൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. നേരിട്ട് ക്യാഷ് എത്തിച്ചുതന്നവര്‍ നിരവധി. അസംഖ്യം ആളുകള്‍ക്ക് അദ്ദേഹത്തിന്‍റെ നാട്ടിലെ ബാങ്ക് അക്കൌണ്ട് നമ്പര്‍ കൈമാറി.

കോവിഡ് മഹാമാരിക്കും തടയിടാനാവാത്ത നന്മയുടെ വറ്റാത്ത നീര്‍ച്ചാലുകള്‍ ഖത്തറിന്‍റെ മണലാരണ്യത്തിലുണ്ടെന്ന് ബോധ്യമായ നിമിഷങ്ങളാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ദോഹയില്‍ കുടുങ്ങിപ്പോയ രണ്ട് കണ്ണിനും കാഴ്ചയില്ലാത്തൊരു കോഴിക്കോട്ടുകാരന്‍റെ വര്‍ത്തമാനം ഇന്നലെ എന്‍റെ പേഴ്സ‌ണല്‍ ഫേസ്‍ബുക്ക് പേജിലൂടെ പങ്ക് വെച്ചിരുന്നു. ദയവ് ചെയ്ത് ടിവിയില്‍ എന്‍റെ വിഷയങ്ങള്‍ പറയരുതെന്ന് ആ മനുഷ്യന്‍ നിര്‍ബന്ധം പിടിച്ചതിനാലാണ് അദ്ദേഹത്തിന്‍റെ അവസ്ഥ ഒരു പോസ്റ്റായി ഇട്ടത്.

സ്വന്തമായി ഒരു വീടുവെക്കണമെന്ന അടങ്ങാത്ത ആഗ്രഹം പേറി നാട്ടുകാരായ ഖത്തറുകാരുടെ സഹായത്താല്‍ സന്ദര്‍ശക വിസയില്‍ ദോഹയിലെത്തിയതായിരുന്നു അദ്ദേഹം. എത്തിയതിന്‍റെ പിറ്റേന്ന് തന്നെ ദോഹയില്‍ നിയന്ത്രണങ്ങള്‍ വന്നു. എല്ലാവരും ദുരിതത്തിലായതോടെ ആരോടും ഒന്നും ചോദിക്കേണ്ടെന്ന് തീരുമാനിക്കുകയും പലരുടെയും സഹായത്താല്‍ റൂമില്‍ കഴിഞ്ഞുകൂടുകയുമായിരുന്നു.

ഇന്നലെ ആ പോസ്റ്റിട്ടതിന് ശേഷം ഈ കുറിപ്പിനായി ടൈപ്പ് ചെയ്യുന്നത് വരെ എന്‍റെ ഫോണില്‍ വിളിയൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. നേരിട്ട് ക്യാഷ് എത്തിച്ചുതന്നവര്‍ നിരവധി. അസംഖ്യം ആളുകള്‍ക്ക് അദ്ദേഹത്തിന്‍റെ നാട്ടിലെ ബാങ്ക് അക്കൌണ്ട് നമ്പര്‍ കൈമാറി. വീട് നിര്‍മ്മാണമുള്‍പ്പെടെയുള്ള ഓഫറുകളുമായി പല സംഘടനകളും ബന്ധപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു.

ഇന്ത്യന്‍ എംബസിയുടെ വന്ദേഭാരത് മിഷന്‍ വഴി മടക്കയാത്രക്ക് അവസരം ലഭിച്ച അദ്ദേഹത്തിനും സഹായിക്കും ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക സഹായം മീഡിയവണ്‍ ഗള്‍ഫ് മാധ്യമം വിങ്സ് ഓഫ് കംപാഷന്‍ വഴി നേരത്തെ കൈമാറിയിരുന്നു.

എന്തായാലും നിറഞ്ഞ മനസ്സോടെ അദ്ദേഹം ഇന്ന് ദോഹയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ യാത്രയായി. ഈ പ്രതിസന്ധികള്‍ക്കിടയിലും അദ്ദേഹത്തെ സഹായിക്കാന്‍ സന്നദ്ധരായ സുമനസ്സുകള്‍ക്ക് ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നുള്ള നന്ദിയും കടപ്പാടും സ്വന്തം പേരിലും അദ്ദേഹത്തിന് വേണ്ടിയും അര്‍പ്പിക്കുന്നു. സ്വന്തമായൊരു വീട്ടില്‍ സന്തോഷത്തോടെ കിടന്നുറങ്ങുന്നൊരു രാത്രി എത്രയും പെട്ടെന്ന് അദ്ദേഹത്തിനുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

വെറുംകയ്യോടെ ആ മനുഷ്യന് മടങ്ങിപ്പോകരുതെന്ന് വല്ലാത്തൊരു ആഗ്രഹം. ദോഹയിലെ മീഡിയവണ്‍ ഓഫീസിലേക്ക് ഇന്നലെ ഒരാള്‍ കയറി വന്നു. രണ്ട് കണ്ണിനും കാഴ്ച്ചയില്ലാത്തൊരു കോഴിക്കോട്ടുകാരന്‍ മധ്യവയസ്കന്‍. മടക്കയാത്രക്ക് ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് തുക നല്‍കുന്ന മാധ്യമം മീഡിയവണ്‍ വിങ്സ് ഓഫ് കംപാഷന്‍ പദ്ധതിയിലേക്ക് അദ്ദേഹത്തെയും തെരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തെ കണ്ടനിമിഷം മുതല്‍ മനസ്സ് നിറയെ ചോദ്യങ്ങളായിരുന്നു. പൂര്‍ണമായും അന്ധനായൊരു മനുഷ്യന്‍ എങ്ങനെ, എന്തിന് ദോഹയിലെത്തി.ടിക്കറ്റ് തുക കൈമാറിയതിന് ശേഷം അദ്ദേഹത്തിന്‍റെ അടുത്തിരുന്നു..

ഖത്തറൊക്കെയൊന്ന് 'കാണാന്‍' വന്നതാണെന്ന് ആ കാഴ്ച്ചയില്ലാത്ത മനുഷ്യന്‍ തമാശ രൂപേണ പറഞ്ഞു.വീണ്ടും കുത്തിക്കുത്തി ചോദിച്ചപ്പോള്‍ മടിച്ച് മടിച്ച് അയാള്‍ പറഞ്ഞുതുടങ്ങി. കോഴിക്കോടിനടുത്തൊരു വാടകവീട്ടിലാണ് താമസം. ഭാര്യയും രണ്ട് മക്കളുമുണ്ട്. സ്വന്തമായൊരു വീട് വെക്കണമെന്ന് കുറെനാളായുള്ള ആഗ്രഹമാണ്. അതിനിടയ്ക്ക് മകള്‍ വലുതായിഅവളെ കെട്ടിച്ചയക്കലാണ് പ്രധാനമെന്ന് തോന്നിയതിനാല്‍ ആരോടും ഒന്നും പറഞ്ഞില്ല. എല്ലാരുടെയും കാരുണ്യത്താല്‍ കല്യാണം കഴിഞ്ഞു. വീടെന്ന മോഹം വീണ്ടും തലയില്‍ കയറി. കുറച്ച് ദൂരത്തായി ഒരഞ്ചു സെന്‍റ് സ്ഥലം ഒരാളോട് പറഞ്ഞു വെച്ചു. ചെറിയൊരു അഡ്വാന്‍സും കൊടുത്തു. സ്ഥലത്തിന്‍റെ ബാക്കി പണവും വീട് നിര്‍മ്മാണവുമെല്ലാം എങ്ങനെ നടത്തുമെന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് പ്രവാസികളായ ചില നാട്ടുകാര്‍ ഖത്തറിലേക്ക് വരാന്‍ പറഞ്ഞത്. ഇവിടെയൊക്കെയൊന്ന് കാണുകയും ചെയ്യാം, കുറച്ചാളുകളെ കണ്ട് കാര്യം സഹായം തേടുകയും ചെയ്യാം. വിസിറ്റിങ് വിസയില്‍ അവര്‍ തന്നെയാണ് ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്. വന്നതിന്‍റെ മൂന്നാം ദിനം കോവിഡ് നിയന്ത്രണങ്ങള്‍ വന്നു. എല്ലാ വാതിലുകളും അടഞ്ഞു. ആരെയും കാണാന് കഴിഞ്ഞില്ല. എല്ലാവരും ദുരിതത്തിലായപ്പോള് എന്റെ വിഷമം ആരെയും അറിയിക്കാന് തോന്നിയില്ല..‍ ഇനിയിപ്പോ എങ്ങനെയെങ്കിലും നാടണയണം..

-അപ്പോള്‍ ആ സ്ഥലം..?അത് തിരിച്ചുകൊടുക്കാം, പിന്നീട് എന്തെങ്കിലും ചെയ്യാം. നിങ്ങളുടെ ഈയവസ്ഥ ഞാനൊരു വാര്‍ത്ത ചെയ്യാം. വാര്‍ത്ത കണ്ട് ആരെങ്കിലും സഹായിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ നന്നാവില്ലേ. ദയവ് ചെയ്ത് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇപ്പറഞ്ഞതെല്ലാം എന്‍റെ സ്വകാര്യതകള്‍ മാത്രമാണ്. എന്‍റെ മക്കള്‍ക്കതൊരു മാനക്കേടാകും. അത് കൊണ്ട് വേണ്ട. ദൈവം ഇന്നുവരെ എന്നെ സഹായിച്ചിട്ടുണ്ട്, ഇനിയും അതുണ്ടാകുമെന്നും പറഞ്ഞ് അയാള്‍ പോവാന്‍ എണീറ്റു. ഞാന്‍ കൂടെയുള്ളവരോടും പറഞ്ഞുനോക്കി. മൂപ്പര്‍ക്കിഷ്ടമില്ലെങ്കില്‍ വേണ്ടെന്ന് അവരും പറഞ്ഞു. വലിയൊരാഗ്രഹവുമായി ദോഹയിലെത്തിയിട്ട് ആ മനുഷ്യന്‍ വെറുംകയ്യോടെ മടങ്ങിപ്പോകുന്നതില്‍ വലിയ സങ്കടമുണ്ട്. നാളെ (11/06-വ്യാഴം) കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ അദ്ദേഹം പോകും. ഖത്തറില്‍ ആര്‍ക്കെങ്കിലും അദ്ദേഹത്തെ സഹായിക്കാന്‍ താല്പ്പര്യമുണ്ടെങ്കില്‍‍‍ എന്നെ വിളിക്കാം. നമ്പര്‍ ഇവിടെ ചേര്‍ക്കുന്നു.സൈഫുദ്ദീന്‍ പിസി. No: +974 7030 8110

വെറുംകയ്യോടെ ആ മനുഷ്യന് മടങ്ങിപ്പോകരുതെന്ന് വല്ലാത്തൊരു ആഗ്രഹം...😔 ‍‍‍..................... ദോഹയിലെ മീഡിയവണ്‍...

Posted by Saifu Peecee on Wednesday, June 10, 2020