LiveTV

Live

Gulf

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ നിരുപാധിക ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് ഖത്തര്‍

കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും ഖത്തര്‍ അറിയിച്ചു.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ നിരുപാധിക ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് ഖത്തര്‍

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ നിരുപാധിക ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് ഖത്തര്‍. കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും ഖത്തര്‍ അറിയിച്ചു. അയല്‍രാജ്യങ്ങളേര്‍പ്പെടുത്തിയ കര-വ്യോമ ഉപരോധത്തിന്‍റെ മൂന്നാം വാര്‍ഷികവേളയില്‍ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയാണ് നിരുപാധിക ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത അറിയിച്ചത്. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള എല്ലാ ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് വിദേശകാര്യസഹമന്ത്രി ലുല്‍വ അല്‍ ഖാത്തിറും വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതായി ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്‍റെ സ്ഥിരം പ്രതിനിധി ശെയ്ഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ത്താനിയും അറിയിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനുമായി എല്ലാകാലത്തും ഖത്തര്‍ നിലകൊണ്ടിട്ടുണ്ടെന്നും ഇനിയുമത് തുടരുമെന്നും ശെയ്ഖ ആലിയ ന്യൂയോര്‍ക്കില്‍ പറഞ്ഞു.

ഖത്തറിനെതിരായ വ്യോമഉപരോധം അവസാനിപ്പിക്കാന്‍ സൌദിക്കും യു.എ.ഇക്കും മേല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഖത്തറിന്‍റെ പ്രതികരണം. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് ജിസിസി രാജ്യങ്ങളുടെ പ്രതികരണം അറിവായിട്ടില്ല.