LiveTV

Live

Gulf

കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനം നാളത്തേക്ക് മാറ്റി

റാസൽഖൈമയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനമാണ് മാറ്റിയത്

കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനം നാളത്തേക്ക് മാറ്റി

കെ.എം.സി.സി മുൻകൈയെടുത്ത് നടപ്പാക്കിയ ചാർട്ടഡ് വിമാനത്തിൻെറ ആദ്യ സർവീസിൻെറ ഭാഗമാകാൻ രംഗത്തു വന്നത് 175ൽ അധികം പേർ. പല കാരണങ്ങളാൽ അടിയന്തരമായി നാട്ടിലെത്തേണ്ടവരാണ് ഇവരിൽ ഭൂരിഭാഗം പേരും. എന്നാൽ ഇവർക്ക് എപ്പാേൾ യാത്ര സാധ്യമാകും എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. വിമാനത്തിന്റെ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.

ഷാർജ മുവൈലയിൽ നിന്ന് ബസ് മാർഗം റാസൽഖൈമയിലേക്ക് പുറപ്പെടുേമ്പാൾ അധികം വൈകാതെ നാടണയാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. കാത്തിരിപ്പും അനിശ്ചിതത്വവും റാസൽഖൈമ യാത്രയുമൊന്നും നട്ടുച്ച വെയിലിലും ആരും അത്ര പ്രശ്നമായി കണ്ടതുമില്ല. ഏതു വിധേനയും ഒന്നു നാട്ടിലെത്തി കിട്ടുക. അതുമാത്രം മതിയെന്ന ഒറ്റ ആഗ്രഹം തന്നെയാണ് എല്ലാവരും പങ്കുവെച്ചതും.

ഒട്ടേറെ സാങ്കേതിക കടമ്പകൾ കടന്നു വേണം കോവിഡ് പ്രതിസന്ധി കാലത്ത് നാടണയാൻ. സംഘാടകർക്കും ഇതു നന്നായറിയാം. പ്രയാസം അനുഭവിക്കുന്ന പരമാവധി ആളുകളെ നാട്ടിലെത്തിക്കാൻ കൂട്ടായ നീക്കം ഉണ്ടാകണമെന്നാണ് അവരും വ്യക്തമാക്കുന്നത്.

എണ്ണമറ്റ സ്ഥാപനങ്ങളും കൂട്ടായ്മകളും വരും ദിവസങ്ങളിൽ കൂടുതൽ ചാർട്ടഡ് വിമാനങ്ങൾ ഏർപ്പെടുത്താനുള്ള തിടുക്കത്തിലാണ്. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളും ഗൾഫ് രാജ്യങ്ങളും തമ്മിൽ കൃത്യമായ ഏകോപനം ഉണ്ടായില്ലെങ്കിൽ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് സാധ്യത ഇനിയും ഏറെയാണെന്നാണ് വിലയിരുത്തൽ.