LiveTV

Live

Gulf

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 137 ആയി; കൂടുതല്‍ യുഎഇയില്‍

ബഹ്റൈൻ മാത്രമാണ് ഗൾഫിൽ കോവിഡ് മൂലം മലയാളി മരിക്കാത്ത രാജ്യം.

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 137 ആയി; കൂടുതല്‍ യുഎഇയില്‍

ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 137 ആയി ഉയർന്നു. ഇവരിൽ എൺപതിലേറെ പേരും യു.എ.ഇയിലാണ് മരിച്ചത്. മരിച്ചവരിൽ നിരവധി യുവാക്കളും ഉൾപ്പെടുമെന്നിരിക്കെ പ്രവാസ ലോകത്ത് ആശങ്ക ശക്തമാണ്.

ഏപ്രിൽ ഒന്നിന് യു.എ.ഇയിലാണ് കോവിഡ് ബാധിച്ചുള്ള ആദ്യ മലയാളി മരണം. തൃശൂർ മൂന്നുപീടിക സ്വദേശി പരീതാണ് അന്ന് മരിച്ചത്. തുടർന്ന് രണ്ട് മാസം തികയാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ, ഗൾഫിൽ കോവിഡ് മൂലമുള്ള മലയാളി മരണം 137ൽ എത്തി നിൽക്കുകയാണ്. പിന്നിട്ട 3 ദിവസങ്ങളിൽ മാത്രം 22 മരണം. ഇന്നലെ മാത്രം എട്ട്. 85ഓളം മലയാളികള്‍ മരിച്ചത് യു.എ.ഇയിലാണ്. സൗദിയിലും കുവൈത്തിലുമായി 46 മരണങ്ങൾ. ഒമാനിൽ രണ്ടും ഖത്തറിൽ ഒന്നുമാണ് മലയാളി മരണ സംഖ്യ. ബഹ്റൈൻ മാത്രമാണ് ഗൾഫിൽ കോവിഡ് മൂലം മലയാളി മരിക്കാത്ത രാജ്യം.

തക്ക സമയത്ത് മെച്ചപ്പെട്ട ചികിൽസയും പരിചരണവും ലഭ്യമാക്കുന്നതിൽ സംഭവിക്കുന്ന അപാകത ഉൾപ്പെടെ പലതും മരണ കാരണമായി വിലയിരുത്തപ്പെടുന്നു. മരിച്ചവരിൽ രണ്ട് നഴ്സുമാരും ഒരു ഡോക്ടറും ഉൾപ്പെടും. ഭൂരിഭാഗം കുടുംബങ്ങളുടെയും ഏക അവലംബം കൂടിയാണ് നഷ്ടമായത്. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും ഇനിയും ഉണ്ടായിട്ടില്ല. ദരിദ്ര കുടുംങ്ങളുടെ രക്ഷക്കായി സാമ്പത്തിക സഹായം ഉറപ്പാക്കണമെന്ന ആവശ്യവും പ്രവാസ ലോകത്ത് ശക്തമാണ്. മരണ പെരുപ്പവും രോഗവ്യാപനവും ഗൾഫിലെ മലയാളി സമൂഹത്തിൽ വലിയ അരക്ഷിതാവസ്ഥക്ക് കാരണമായിട്ടുണ്ട്.

ഗള്‍ഫില്‍ ആകെ കോവിഡ് മരണം 915 ആയി

ഗൾഫിൽ കോവിഡ് മരണ സംഖ്യ 915 ആയി. അയ്യായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം 194000 പിന്നിട്ടു. ഇന്നലെ 26 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

പുതുതായി 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ മരണസംഖ്യ 411ൽ എത്തി. 5 മരണം കൂടിയായതോടെ യു.എ.ഇയിൽ 253 ആണ് മരണസംഖ്യ. കുവൈത്തിൽ ഏഴും ഖത്തറിൽ രണ്ടും ആണ് കോവിഡ് മരണങ്ങൾ.

സൗദി ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും രോഗവ്യാപനത്തിൽ കാര്യമായ മാറ്റം ഒന്നും തന്നെയില്ല. 1931 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച സൗദിയിൽ രോഗികളുടെ എണ്ണം 76000 കവിഞ്ഞു. രോഗികളുടെ എണ്ണം ഖത്തറിൽ 47000വും യു.എ.ഇയിൽ 31000വും പിന്നിട്ടു. കുവൈത്തിലാകട്ടെ 22500ന് മുകളിലെത്തി രോഗികളുടെ എണ്ണം. ഒമാനിൽ 8000നും ബഹ്റൈനിൽ 9000നും മുകളിലാണ് കോവിഡ് രോഗികൾ.

3000ലേറെ പേർക്ക് ഇന്നലെയും രോഗവിമുക്തി ലഭിച്ചു. മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം 90000 കടന്നു. ആരോഗ്യപ്രവർത്തകർക്ക് ആവേശം പകരുന്നതാണ് രോഗവിമുക്തി ലഭിച്ചവരുടെ എണ്ണത്തിലെ ഈ വർധന.

ദുബൈയിൽ ഇന്ന് മുതൽ ജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങും. രാവിലെ 6 മുതൽ രാത്രി 11 വരെ യാത്രാവിലക്ക് പിൻവലിച്ചതോടെ ഏറെക്കുറെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. സൗദിയിൽ നാളെ മുതൽക്കാണ് കർഫ്യുവിൽ ഘട്ടം ഘട്ടമായ ഇളവുകൾ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.