ചെറിയ പെരുന്നാള്‍; സൗദിയില്‍ സ്ട്രീറ്റ് പരേഡൊരുക്കി ഇത്ര സാംസ്കാരിക കേന്ദ്രം
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സൗദി കിഴക്കന്‍ പ്രവിശ്യയിലെ നഗരങ്ങളില്‍ സ്ട്രീറ്റ് പരേഡ് ഒരുക്കി ഇത്ര സാംസ്കാരിക കേന്ദ്രം

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സൗദി കിഴക്കന്‍ പ്രവിശ്യയിലെ നഗരങ്ങളില്‍ സ്ട്രീറ്റ് പരേഡ് ഒരുക്കി ഇത്ര സാംസ്കാരിക കേന്ദ്രം. വഹനങ്ങളില്‍ സജ്ജീകരിച്ച ഓര്‍ക്കസ്ട്രയുടെയും കലാകാരന്മാരുടെയും ലൈവ് പരിപാടികള്‍ നഗരത്തിലെ പ്രധാന റോഡുകള്‍ വഴി കടന്നു പോകുന്ന രീതിയിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സമ്പൂര്‍ണ്ണ കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിനും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിലക്ക് നില നില്ക്കുന്ന സാഹചര്യത്തിലാണ് 'ഇത്ര' വേറിട്ട രീതിയില്‍ പരിപാടി ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ മികച്ച കലാകാരന്മാരുടെയും സംഗീത ഉപകരണങ്ങുടെയും അകമ്പടിയോടുകൂടിയുള്ള പരിപാടികളാണ് അവതരിപ്പിക്കുക. കിംഗ് അബ്ദുല്‍ അസീസ് വേള്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ഇത്രയാണ് ആഘോഷമൊരുക്കുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ ദമ്മാം, അല്‍ഖോബാര്‍, ദഹ്റാന്‍ തുടങ്ങിയ നഗരങ്ങളിലൂടെയാണ് പരേഡ് സംഘം കടന്നു പോകുക. പൊതു ജനങ്ങള്‍ക്ക് അവരവരുടെ വീടുകളില്‍ നിന്ന് പരിപാടി ആസ്വദിക്കാന്‍ അവസരമുണ്ടാകും. പെരുന്നാള്‍ ദിനമായ നാളെ അല്‍ഖോബാറിലെ വിവിധ റോഡുകളില്‍ കൂടിയാണ് പരേഡ് സംഘം കടന്നു പോകുക. ഞായറാഴ്ച ദമ്മാമിലെയും തിങ്കളാഴ്ച ദഹ്റാനിലെയും വിവിധ പ്രദേശങ്ങളിലൂടെ ആഘോഷ പരിപാടികളുടെ വാഹനം സഞ്ചരിക്കും. വൈകിട്ട് നാലര മണി മുതല്‍ രാത്രി പത്തര മണി വരെയുള്ള സയത്താണ് പരിപാടി. പരേഡ് സംഘം കടന്ന് പോകുന്ന വഴികളുടെ വിശദമായ വിവരം ഇത്രയുടെ സോഷ്യല്‍ മീഡിയ പേജ് വഴി പരസ്യപ്പെടുത്തും.