LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 753 ആയി

അമ്പത്തി മൂവായിരത്തിൽപ്പരം ആളുകൾക്കാണ് രോഗം പൂർണമായും ഭേദപ്പെട്ടത്

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 753 ആയി

22 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 753 ആയി. സൌദിയില്‍ പത്ത് പേരും യുഎഇയില്‍ ആറ് പേരും മരിച്ചു, ഗള്‍ഫില്‍ അയ്യായിരത്തോളം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. യു.എ.ഇയിലെ വ്യവസായ മേഖലകളിലും ലേബർ ക്യാമ്പുകളിലും ഇന്നുമുതൽ രാത്രി സമ്പൂർണ യാത്രാവിലക്ക് ഏർപ്പെടുത്തി.

മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യ കുതിക്കുകയാണ്. 10 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണ സംഖ്യ 339 ആയി. 2691 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച സൗദിയിൽ രോഗികളുടെ എണ്ണം 62,000 കവിഞ്ഞു. കുവൈത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 124ൽ എത്തി.

രോഗവ്യാപനം മിക്ക രാജ്യങ്ങളിലും കുത്തനെ ഉയരുകയാണ്. ഖത്തറിൽ ഇന്നും 1492 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 37,000 കടന്നു. ഒമാനിൽ 372 ഉം ബഹ്റൈനിൽ 311ഉം പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ കോവിഡ് പൂർണമായി സുഖപ്പെടുന്നവരുടെ എണ്ണവും വർധിച്ചു.

അമ്പത്തി മൂവായിരത്തിൽപ്പരം ആളുകൾക്കാണ് രോഗം പൂർണമായും ഭേദപ്പെട്ടത്. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത് മെഡിക്കൽ സംഘവും യു.എ.ഇയിൽലെത്തി. നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെട്ട 105 അംഗ സംഘം ഇത്തിഹാദ് എയർവേസ് വിമാനത്തിൽ കൊച്ചിയിൽ നിന്നാണ് രാവിലെ അബൂദബിയിൽ വന്നിറങ്ങിയത്. ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവും.