LiveTV

Live

Gulf

പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി നോര്‍ക്ക

അപകടം മൂലം മരണം സംഭവിക്കുകയോ പൂർണ്ണമായോ ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക

പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി നോര്‍ക്ക

പ്രവാസി, വിദ്യാർത്ഥി തിരിച്ചറിയൽ കാർഡുടമകൾക്ക് നോർക്ക റൂട്ട്‌സ് നൽകി വരുന്ന ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടമരണം സംഭവിച്ചാൽ നൽകിവരുന്ന ഇൻഷുറൻസ് ആനുകൂല്യം രണ്ട് ലക്ഷത്തിൽ നിന്ന് നാല് ലക്ഷം രൂപയായും അംഗവൈകല്യം സംഭവിക്കുന്നവർക്കുളള ആനുകൂല്യം ഒരു ലക്ഷത്തിൽ നിന്ന് രണ്ടുലക്ഷമായും വർദ്ധിപ്പിച്ചു.

അപകടം മൂലം മരണം സംഭവിക്കുകയോ പൂർണ്ണമായോ ഭാഗികമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. വർദ്ധിപ്പിച്ച ആനൂകൂല്യത്തിന് 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യമുണ്ട്. ഏപ്രിൽ ഒന്നു മുതൽ അംഗമായവർക്കും അതിന് മുൻപ് അംഗങ്ങളായവർക്ക് ഒരു വർഷം പൂർത്തിയാകുന്ന മുറയ്‌ക്കും വർദ്ധിപ്പിച്ച ആനുകൂല്യം ലഭിക്കും.

കഴിഞ്ഞ സാമ്പത്തിക വർഷം 28 പ്രവാസി ആശ്രിത കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷയായി 54.64 ലക്ഷം രൂപ വിതരണം ചെയ്തതായി നോര്‍ക്ക അറിയിച്ചു. കുറഞ്ഞത് ആറുമാസം സാധുതയുള്ള വിസ, പാസ്പോർട്ട് എന്നിവയോടെ വിദേശത്ത് ജോലിചെയ്യുന്ന 18 വയസ്സ് പൂർത്തിയായവർക്കാണ് നോർക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയൽ കാർഡ് ലഭിക്കുക.

വിദേശ രാജ്യങ്ങളിലേക്ക് പഠന ആവശ്യത്തിന് പോകുന്ന അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ മലയാളി വിദ്യാർത്ഥികൾക്കും നിലവിൽ വിദേശത്ത് പഠനം നടത്തുന്നവർക്കും നോർക്ക വിദ്യാർത്ഥി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. അനൂകൂല്യം ഇരട്ടിയാക്കിയെങ്കിലും തിരിച്ചറിയൽ കാർഡിന്റെ അപേക്ഷ ഫീസ് വർദ്ധിപ്പിച്ചിട്ടില്ല. 315 രൂപയാണ് ഫീസ്.