LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി മുപ്പതിനായിരം കവിഞ്ഞു

ഇന്നലെ മാത്രം ആറായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി മുപ്പതിനായിരം കവിഞ്ഞു

27 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 671 ആയി. ഇന്നലെ മാത്രം ആറായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി മുപ്പതിനായിരം കവിഞ്ഞു. സമൂഹ വ്യാപന ആശങ്കകൾക്കിടയിൽ ഒത്തുചേരലുകൾ തീർത്തും ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് അധികൃതർ നിർദേശം നൽകി.

സൗദി അറേബ്യയിലും കുവൈത്തിലുമാണ് മരണസംഖ്യ കുത്തനെ ഉയരുന്നത്. കുവൈത്തിൽ 11ഉം സൗദിയിൽ 10ഉം പേരാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ 107ഉം സൗദിയിൽ 302ഉം ആയി മരണസംഖ്യ ഉയർന്നു. യു.എ.ഇയിൽ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 214ൽ എത്തി. ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഓരോ രോഗികൾ വീതവും കോവിഡിന് കീഴടങ്ങി.

രോഗവ്യാപനം എല്ലാ രാജ്യങ്ങളിലും ഗണ്യമായി ഉയരുകയാണ്. സൗദിയിൽ 2840 പേർക്ക് കൂടി രോഗം സ്ഥീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം ഇതോടെ 52,000 കടന്നു. 1547 പേർക്ക് കൂടി രോഗം ഉറപ്പിച്ച ഖത്തറിൽ രോഗികൾ മുപ്പതിനായിരത്തിലേറെയായി.

947 പേർക്ക് കുടി രോഗം ഉറപ്പിച്ച കുവൈത്തിൽ രോഗികളുടെ എണ്ണം പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. 796 കേസുകൾ റിപ്പോർട്ട് ചെയ്ത യു.എ.ഇയിൽ രോഗികളുടെ എണ്ണം 22000 കടന്നു. ഒമാനിൽ 404ഉം ബഹ്റൈനിൽ 164ഉം പേർക്കാണ് പുതുതായി രോഗബാധയേറ്റത്.

ഗൾഫിൽ കോവിഡ് രോഗം പൂർണമായി സുഖപ്പെട്ടവരുടെ എണ്ണവും കാര്യമായി ഉയർന്നു. ഇതിനകം രോഗം ഭേദപ്പെട്ടത് നാൽപത്തി മൂവായിരത്തിലേറെ പേർക്കാണ്. ഖത്തറിൽ മാസ്ക് ധരിക്കൽ ഇന്ന് മുതൽ നിർബന്ധം. നിയമം ലംഘിച്ചാൽ മൂന്ന് വർഷ ജയിൽ ശിക്ഷയും വൻതുക ഫൈനുമാണ് ആളുകളെ കാത്തിരിക്കുന്നത്. എല്ലാ ഒത്തുചേരലുകളിൽ നിന്നും വിട്ടുനിൽക്കാൻ യു.എ.ഇയും ജനങ്ങളോട് നിർദേശിച്ചു.