LiveTV

Live

Gulf

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

എണ്ണമറ്റ സ്ഥാപനങ്ങളും കെ.എം.സി.സി ഉൾപ്പെടെയുള്ള കൂട്ടായ്മകളും ചാർട്ടർ വിമാന സർവീസിന് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

വന്ദേ ഭാരത് മിഷനില്‍ സൌദിയും യു.എ.ഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ഇപ്പോൾ പ്രഖ്യാപിച്ച പ്രതിവാര ഷെഡ്യൂളിനു പുറമെയായിരിക്കും ഈ സര്‍വീസുകള്‍. ഗൾഫിൽ നിന്ന് ഉപാധികളോടെ ചാർട്ടർ സർവീസുകൾ നടത്താൻ ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകുമെന്നും റിപ്പോർട്ടുണ്ട്.

അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് ലക്ഷങ്ങളാണ് എംബസികളിലും കോൺസുലേറ്റിലും പേര് രജിസ്റ്റർ ചെയ്ത് ഗൾഫിൽ കാത്തിരിക്കുന്നത്. വന്ദേ ഭാരത് മിഷൻ ഭാഗമായുള്ള പരിമിത സർവീസുകൾ കൊണ്ട് പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്ന തിരിച്ചറിവും കേന്ദ്രത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് അഡീഷണൽ സർവീസുകൾ ഏർപ്പെടുത്തുന്നത്. യു.എ.ഇയിൽ നിന്നുള്ള ആദ്യ അഡീഷണൽ വിമാനം ഈ മാസം 16ന് ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. ഇതിൻെറ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഷെഡ്യൂളിനു പുറമെ നാല് വിമാനങ്ങൾ യു.എ.ഇയിൽ നിന്നും ഉണ്ടാകുമെന്നാണ് വിവരം.

ജിദ്ദയിൽ നിന്ന് കേരളത്തിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് 'മീഡിയാ വണിനോട് പറഞ്ഞു. നഴ്സുമാർ ഉൾപ്പെടെ കുടുങ്ങി കിടക്കുന്ന നിരവധി പേർ ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോ എയർ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവക്ക് ഗൾഫിൽ നിന്ന് ഉപാധികളുടെ പുറത്ത് ചാർട്ടർ വിമാന സർവീസുകൾക്ക് കേന്ദ്രം അനുമതി നൽകിയേക്കും എന്നാണ് വിവരം. കേരളം ഉൾപ്പെടെ അതാത് സംസ്ഥാനങ്ങളുടെ അനുമതി ഇതിനു വേണ്ടിവരും. എണ്ണമറ്റ സ്ഥാപനങ്ങളും കെ.എം.സി.സി ഉൾപ്പെടെയുള്ള കൂട്ടായ്മകളും ചാർട്ടർ വിമാന സർവീസിന് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.