LiveTV

Live

Gulf

മിഷൻ വിങ്​സ്​ ഓഫ്​ കംപാഷന്​ പിന്തുണ ഏറുന്നു; മാധ്യമം, മീഡിയ വൺ വെബ്​സൈറ്റുകൾ മുഖേനെ ടിക്കറ്റിന്​ അപേക്ഷിക്കാം

ലോകപ്രശസ്​ത ഇന്ത്യൻ ബ്രാൻറുകളും അന്താരാഷ്​ട്രതലത്തിൽ ശ്രദ്ധേയരായ വ്യവസായ നായകരും മുതൽ സാധാരണക്കാരായ പ്രവാസികളും സ്​കൂൾ കുട്ടികളുമെല്ലാം ഈ ദൗത്യവുമായി സഹകരിക്കുന്നുണ്ട്​

മിഷൻ വിങ്​സ്​ ഓഫ്​ കംപാഷന്​ പിന്തുണ ഏറുന്നു; മാധ്യമം, മീഡിയ വൺ വെബ്​സൈറ്റുകൾ മുഖേനെ ടിക്കറ്റിന്​ അപേക്ഷിക്കാം

നാട്ടിലേക്ക്​ മടങ്ങാൻ വഴികാണാതെ പ്രതിസന്ധിയിലായ പ്രവാസികൾക്ക്​​ കരുതലേകാൻ വിദേശമലയാളി സമൂഹത്തിന്റെ മുഖപത്രമായ ഗൾഫ്​മാധ്യമവും മീഡിയാ വണും ചേർന്നൊരുക്കുന്ന മിഷൻ വിങ്​സ്​ ഓഫ്​ കംപാഷന്​ ഉജ്വല മുന്നേറ്റം.

കേരളത്തിലേക്ക്​ ആരംഭിച്ച പരിമിതിമായ വിമാനങ്ങളിൽ നാട്ടിലെത്തുവാൻ കോൺസുലേറ്റും എംബസികളും അനുമതി നൽകിയിട്ടും ടിക്കറ്റ്​ വാങ്ങാൻ നിവൃത്തിയില്ലാത്ത തികച്ചും അർഹരായ ആളുകൾക്ക്​ ടിക്കറ്റ്​ ലഭ്യമാക്കുന്നതിന്​ സഹൃദയുടെയും വായനക്കാരുടെയും വ്യവസായ സമൂഹത്തിന്റെയും പിന്തുണയോടെ ഒരു മാധ്യമസ്​ഥാപനം മുന്നോട്ടുവന്നത്​ ഇതാദ്യമായാണ്​.

അതാത്​ രാജ്യങ്ങളുടെ എംബസികളിൽ തിരിച്ചുപോക്കിനായി രജിസ്​റ്റർ ചെയ്​ത പ്രവാസികൾക്ക്​ madhyamam.com, mediaonetv.in സൈറ്റുകൾ മുഖേനെ ടിക്കറ്റിനായി അപേക്ഷിക്കാം.

ഗൾഫ്​ രാജ്യങ്ങൾ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ലോകപ്രശസ്​ത ഇന്ത്യൻ ബ്രാൻറുകളും അന്താരാഷ്​ട്രതലത്തിൽ ശ്രദ്ധേയരായ വ്യവസായ നായകരും മുതൽ സാധാരണക്കാരായ പ്രവാസികളും സ്​കൂൾ കുട്ടികളുമെല്ലാം ഈ ദൗത്യവുമായി സഹകരിക്കുന്നുണ്ട്​.

ആർ.പി ഗ്രൂപ്പ്​ ചെയർമാനും നോർക്ക ഡയറക്​ടറുമായ ഡോ. രവി പിള്ള 150 പേരെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റുകൾ നൽകുമെന്നറിയിച്ചു. അന്താരാഷ്​ട്ര പ്രശസ്​തിയാർജിച്ച ഇന്ത്യൻ ബ്രാൻറായ ഈസ്​റ്റേൺ കോണ്ടിമെൻറ്​സ്​ വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള നൂറുപേരെ നാട്ടിലെത്തിക്കാനുള്ള ചെലവ്​ വഹിക്കും. ഖത്തറിലെ മുൻനിര കൺസൾട്ടൻസി സ്​ഥാപനമായ ബീവു ഇൻറർനാഷനൽ നൂറുപേർക്കുള്ള ടിക്കറ്റുകൾ നൽകും. ഫൈസൽ ആൻറ്​ ഷബാന ഫൗണ്ടേഷൻ സഹസ്​ഥാപകനും സ്​ഥാപകനും കെഫ്​ ഹോൾഡിങ്​സ്​ ചെയർമാനുമായ ഫൈസൽ ഇ കൊട്ടിക്കോളൻ ഒരു സംഘം പ്രവാസികളുടെ തിരിച്ചെത്തിക്കൽ ദൗത്യത്തിനുള്ള ടിക്കറ്റുകൾ നൽകും.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ.ഇബ്രാഹിം ഹാജി, കൗൺസിൽ വൈസ് പ്രസിഡൻറും ഷാർജ ധന്യ ഗ്രൂപ്പ്​ എം.ഡിയുമായ ജോൺ മത്തായി, ഇൻകാസ്​ നേതാവും സാമൂഹിക പ്രവർത്തകനുമായ എം.ജി. പുഷ്​പൻ, സഫാരി ഗ്രൂപ്പ്​ ചെയർമാൻ അബൂബക്കർ മടപ്പാട്​, ഹോട്ട്​പാക്ക്​ പാക്കേജിങ്​, ചികിങ്​, നെല്ലറ ഗ്രൂപ്പ്​, എമിറേറ്റ്​സ്​ ഫസ്​റ്റ്​, ഇംപെക്​സ്​ ടെക്​നോളജീസ്​, ബ്രാഡ്​മാ, അറ്റാസ്​കോ, അസിം ടെക്​നോളജി, അൽ ഇർഷാദ്​ കമ്പ്യൂ​േട്ടഴ്​സ്​, സഫ മിനിറൽ വാട്ടർ തുടങ്ങിയവരും മിഷന്​ പിന്തുണ നൽകുന്നുണ്ട്​.

ഇതിനു പുറമെ നിരവധി വ്യക്​തികളും വായനക്കാരും ഈ ഉദ്യമത്തിൽ സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. പെരുന്നാൾ കോടിക്കുള്ള പണം പ്രവാസികളുടെ ടിക്കറ്റിനായി സംഭാവന നൽകിയ കുരുന്നുകളുടെ മാതൃക വരും ദിവസങ്ങളിൽ കൂടുതൽ പേർ ഏറ്റെടുക്കും. അതേ സമയം മാസങ്ങളായി ജോലി നഷ്​ടപ്പെട്ടവരും തൊഴിലന്വേഷണത്തിന്​ സന്ദർശക വിസയിൽ എത്തി കുടുങ്ങിയവരും കുടുംബങ്ങളുമടക്കം ആയിരക്കണക്കിനാളുകളാണ്​ ടിക്കറ്റിനായി സഹായം തേടുന്നത്​. നാട്ടിലും മറുനാട്ടിലുമുള്ള കൂടുതൽ മനുഷ്യസ്​നേഹികളുടെ പിന്തുണയോടെ മാത്രമേ നാട്ടിലേക്കുള്ള യാത്ര എന്ന ഇവരുടെ സ്വപ്​നം സാധ്യമാക്കാനാവൂ.