LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ അര ലക്ഷം കവിഞ്ഞു

സൗദി അറേബ്യയിലാണ് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നത്

ഗള്‍ഫില്‍ കോവിഡ് ബാധിതര്‍ അര ലക്ഷം കവിഞ്ഞു

ഗൾഫിൽ കോവിഡ് മരണസംഖ്യ വീണ്ടും ഉയർന്നു. സൗദിയിൽ എട്ടും യു.എ.ഇയിൽ ഏഴും കുവൈത്തിൽ ഒരാളുമാണ് ഇന്നലെ കോവിഡിനു കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 292 ആയി. 2805 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി മരിച്ചു. ഗൾഫിൽ മലയാളികളുടെ മരണസംഖ്യ 25 ആണ്.

സൗദി അറേബ്യയിലാണ് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നത്. എട്ടു പേർ മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം 152 ആയി. 1266 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ച സൗദി അറേബ്യയിൽ മൊത്തം രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു.

രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ കൂടി മരിച്ചതോടെ യു.എ.ഇയിലെ കോവിഡ് മരണസംഖ്യ 89 ആയി. ഏറണാകുളം, തൃശൂർ സ്വദേശികളാണ് യു.എ.ഇയിൽ കോവിഡ് ബാധിച്ചു മരിച്ചത്. നാലു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഇതുവരെ സൗദിയിൽ മരിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തി.

മിക്ക ഗൾഫ് രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. അതേ സമയം ഗൾഫിൽ ഇതിനകം 8881പേർക്ക് രോഗം സുഖപ്പെട്ടു. ഒമാനിൽ ചില വാണിജ്യ സ്ഥാപനങ്ങൾ കൂടി തുറന്നു പ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകി.

കൂടുതൽ വാണിജ്യ കേന്ദ്രങ്ങളും മറ്റും തുറന്നതോടെ യു.എ.ഇയിൽ ജനജീവിതം പുന:സ്ഥാപിച്ചു തുടങ്ങി. അതേ സമയം രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ പരമാവധി ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. കുവൈത്തിലും ഖത്തറിലും മറ്റും നിയന്ത്രണങ്ങളിൽ കാര്യമായ ഇളവില്ല.

നോർക്കക്കു പിന്നാലെ ഗൾഫിലെ വിവിധ ഇന്ത്യൻ എംബസിക്കു ചുവടെയും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി തുടങ്ങി.