LiveTV

Live

Gulf

ദുബൈ വർസാൻ കോവിഡ് കേന്ദ്രത്തിലെ കർമ്മ ഭടന്മാർ

ദുബൈ ഹെൽത്ത് അതോറിറ്റി വർസാനിൽ ഒരുക്കിയ കോവിഡ് കേന്ദ്രത്തിൽ നിന്നുള്ള അനുഭവങ്ങളും കാഴ്ചകളും ‘മീഡിയവണു’മായി പങ്കുവെക്കുകയാണ് അവിടെ സന്നദ്ധ പ്രവർത്തനം നടത്തുന്ന പ്രശസ്ത ഫോട്ടോഗ്രഫർ അൻഷദ് ഗുരുവായൂർ.

ദുബൈ വർസാൻ കോവിഡ് കേന്ദ്രത്തിലെ കർമ്മ ഭടന്മാർ

കോവിഡ് എന്ന മഹാ ദുരന്തം ലോകത്തിന് ഭീഷണിയായി ലോകം മുഴുവൻ തന്നിലേക്ക് ചുരുങ്ങിയ കാല ഘട്ടത്തിൽ ലോകത്തിന്റെ പട്ടാളമായി മാറുന്നത് ആരോഗ്യരംഗത്തെ പ്രവർത്തകരാണ് , ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂടെ ഈ ദുബൈ നഗരത്തിൽ യുദ്ധത്തിന്റെ മുൻനിരയിൽ കർമ്മ നിരതരായ ചില അത്ഭുത മനുഷ്യരെ കുറിച്ചാണ് ഈ കുറിപ്പ്- അൻഷദ് ഗുരുവായൂർ, ഫോട്ടോഗ്രാഫർ

അൻഷദ് ഗുരുവായൂർ
അൻഷദ് ഗുരുവായൂർ

ദുബായ് നാഇ‌ഫിൽ കോവിഡ് വൈറസ് തന്റെ ആക്രമണം വ്യാപിപ്പിച്ച സമയത്താണ് ദുബായ് ആരോഗ്യ വിഭാഗവും കെ എം സി സിയും സംയുക്തമായി ദുബായ് അൽ വർസനിൽ കോവിഡ് വൈറസ് ബാധിച്ചവർക്കായി ഒരു ഐസുലേഷൻ സെന്റർ തുറക്കാൻ തീരുമാനിച്ചത്. മാർച്ച് 26 വൈകിട്ട് പ്രഖ്യാപനം വന്ന നിമിഷം മുതൽ അത്ഭുതങ്ങളുടെ കലവറ തുറക്കുകയായി

ദുബൈ വർസാൻ കോവിഡ് കേന്ദ്രത്തിലെ കർമ്മ ഭടന്മാർ

മാർച്ച് 26 വൈകിട്ട് ദുബായ് അൽ വർസാനിലെ കെ എം സി സി യുടെ കാർമ്മികത്വത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റി നിർമ്മിക്കാൻ പോകുന്ന കോവിഡ് 19 ഐസുലേഷൻ ആൻഡ് കൊറണ്ടൈൻ സെൻററിൽ തനിക്ക് അറിയുന്ന രീതിയിൽ എന്തെങ്കിലും സഹായം ചെയ്യാൻ വന്ന കണ്ണൂർ സ്വദേശി ഫൈസലിന് ഇവിടുത്തെ ക്രൈസിസ് മാനേജ്മെന്റ് ഉത്തരവാദിത്തം വന്നു ചേർന്നത് അവിചാരിതമായാണ്.

ഫൈസലിനെ നേരത്തെ അറിയുന്ന അബ്ദുല്ല പൊയിൽ, ഖവാനീജ് മുസ്തഫക്ക എന്നിവർ ഈ ഉത്തരവാദിലേക്ക് നിർബന്ധിച്ചപ്പോൾ ഫൈസലിനെ അതു വരെ അറിയാത്ത ശംസുദ്ദീൻ ബിൻ മുഹയുദ്ദീൻ, ഡോ. അൻവർ അമീൻ ചേലാട്ട്, അൻവർനഹ എന്നിവർ പിന്തുണച്ചു. ആ ഉത്തരവാദിത്തിന്റെ കാഠിന്യം ഓർത്തു തീരുമാനം എടുക്കാൻ കഴിയാതിരുന്ന ഫൈസലിനോട് സ്വദേശി പ്രമുഖൻ ഹരീബ് ബിൻ സുബൈയ് അൽ ഫലാസി ഉപദേശിച്ചത് ഇങ്ങനെയാണ്-   "ഈ രാജ്യത്തെ സേവിക്കാൻ , ജനങ്ങളെ സേവിക്കാൻ നിനക്ക് കിട്ടുന്ന ഒരു വലിയ അവസരമാണ്, അതുകൊണ്ട് യുക്തിപൂർവം തീരുമാനമെടുക്കുക”. ക്രൈസിസ് മാനേജ്‌മെന്റ് എന്ന അത്ഭുത്തിന്റെ പ്രയാണം ആരംഭം കൊള്ളുന്നത് ഇവിടെയാണ്.

യു എ ഇ യിലെ ആയിരത്തിലധികം വരുന്ന സന്നദ്ധ പ്രവർത്തരുടെ ഒത്തൊരുമിച്ചുള്ള പരിശ്രമത്തിന്റെ ഫലമായാണ് വർസാനിൽ ഇത്തരം ഒരു അത്ഭുതം സംഭവിച്ചത്.

മുഹമ്മദ് മതാർ, ഡയറക്ടർ, വർസാൻ ഹോസ്പിറ്റാലിറ്റി കെയർ സെന്റർ
മുഹമ്മദ് മതാർ, ഡയറക്ടർ, വർസാൻ ഹോസ്പിറ്റാലിറ്റി കെയർ സെന്റർ

കോവിഡ് ബാധിതരായ പ്രവാസികളെ രക്ഷിക്കാൻ എല്ലാ പോരാട്ടത്തിനും തയാറാണ് എന്ന ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ഉറച്ച തീരുമാനമാണ് വാർസാനിൽ മലയാളികളുടെ പിന്തുണയിൽ ഇത്തരമൊരു കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച ചിന്തപോലും ഉടലെടുക്കുന്നത്.

മാർച്ച് 27 വെള്ളിയാഴ്ച്ച രാവിലേ 8 മണി മുതൽ തുടങ്ങിയ യജ്ഞത്തിന്റെ പ്രാരംഭ ലക്ഷ്യം നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിൽ എത്തിയ മൂന്ന് റെസിഡൻഷ്യൽ ബില്ഡിങിലെ 128 മുറികൾ ഒരു മിനി ഹോസ്പിറ്റൽ അഥവാ ഐസുലേഷൻ വാർഡ് ആക്കി മാറ്റുക എന്നുള്ളതായിരുന്നു

ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, പേട്രൻ, വർസാൻ കോവിഡ് കെയർ സെന്റർ
ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, പേട്രൻ, വർസാൻ കോവിഡ് കെയർ സെന്റർ
അബ്ദുല്ല പൊയിൽ, പേട്രൻ, വർസാൻ കോവിഡ് കെയർ സെന്റർ
അബ്ദുല്ല പൊയിൽ, പേട്രൻ, വർസാൻ കോവിഡ് കെയർ സെന്റർ

ആദ്യ ലക്ഷ്യം വെറും മൂന്ന് ദിവസം കൊണ്ട് പൂർത്തീകരിച്ച ക്രൈസിസ് മാനേജ്‌മെന്റും യു എ ഇ യിലെ കെ എം സി സി അടക്കമുള്ള മറ്റു സന്നദ്ധസംഘടനകളുടെ വളന്റിയേഴ്‌സും തുടർ ദിവസങ്ങളിലെ കഠിന പരിശ്രമത്തിലൂടെ 26 കെട്ടിടങ്ങൾ അടങ്ങിയ വർസാൻ കോവിഡ് 19 കെയർ സെന്റർ പ്രവർത്തന സജ്ജമാക്കി.

ഫാസിലിന്റെയും റയീസിന്റെയും നേതൃത്വത്തിലാണ് 26 ബിൽഡിങ്ങുകളുടെയും ഫർണിച്ചറും അവിടെ വരുന്ന അതിഥികൾക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങളും ഒരുക്കിയത്. ഇവർക്ക് കൂട്ടായി ക എംസിസി, വിക്കായ, പ്രവാസി ഇന്ത്യ, അക്കാഫ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ കർമ്മ നിരതരരായി. ഇതിന്റെ ഫലമായാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഈ വലിയ ദൗത്യം പൂർത്തീകരിച്ചത്.

ദുബൈ വർസാൻ കോവിഡ് കേന്ദ്രത്തിലെ കർമ്മ ഭടന്മാർ

ആദ്യ ദിവസങ്ങളിൽ ക്രൈസിസ് മാനേജ്മെന്റ് മേൽനോട്ടത്തിന് അൽ മദീന ഗ്രൂപ്പിലെ സഗീർ പൊയിൽ, മാനേജർ അലി, അൽ നൂർ പോളിക്ലിനിക് മാനേജർ അജയ് കുമാർ, സുഹൈർ എന്നിവരുമുണ്ടായിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ ക്രൈസിസ് മാനേജ്‌മെന്റിന്റെ പ്രവർത്തനം വർസാൻ കോവിഡ് 19 കെയറിന്റെ മെഡിക്കൽ ഓപ്പറേഷൻ ഒഴികെയുള്ള മുഴുവൻ മേഖലയിലും സജീവമാകുകയും ക്രൈസിസ് മാനേജ്‌മെന്റ് തുടക്കത്തിലേ നാലുപേരിൽ നിന്ന് ക്രമേണ 25 അംഗങ്ങളുള്ള ശക്തമായ ഒരു മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് മാറുകയും ചെയ്തു.

പ്രവർത്തനങ്ങൾ വീക്ഷിക്കാനെത്തിയ സുഹൃത്തുക്കളായ റയീസ് ആവോളവും അസീസ് വി യും ശംസുദ്ധീൻ വിയും പെട്ടന്ന് തന്നെ ക്രൈസിസ് മാനേജ്‌മെന്റിന്റെ ഭാഗമായി സ്വന്തം ജോലിയിൽ നിന്ന് താത്കാലിക ലീവ് എടുത്ത് മുഴുവൻ സമയ പ്രവർത്തനങ്ങൾക്കായി വർസാനിൽ കേന്ദ്രീകരിച്ചു

അണുബാധയേറ്റവരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഒരു മിഷനിലാണ് ഫൈസൽ ഉള്ളത് എന്നറിഞ്ഞപ്പോൽ ഫൈസലിനെ പിന്തിരിപ്പിക്കാൻ വർസാനില് എത്തിയതാണ് ലിംസ്‌ ഗ്രൂപ് കമ്പനിയുടെ ഡയറക്റ്ററും ഫൈസലിന്റെ സഹോദരങ്ങളായ ലത്തീഫും ഫാസിലും പക്ഷേ ക്രൈസിസ് മാനേജ്‌മെന്റിന്റെ പ്രവർത്തങ്ങളിൽ ആകൃഷ്ടരായി ഇവരും വർസാനില് കേന്ദ്രീകരിക്കുകയും തുടർ ദിവസങ്ങളിൽ സുഹൃത്തുക്കളായ ബാബുരാജ് ,ജാഫർ കസിൻ റാഫി പറമ്പത് തുടങ്ങിയവരെയും ഒപ്പം കൂട്ടുകയും ചെയ്തു

ദുബൈ വർസാൻ കോവിഡ് കേന്ദ്രത്തിലെ കർമ്മ ഭടന്മാർ

പതിനാല് ദിവസത്തെ ഏകാന്ത വാസം കഴിഞ്ഞു മുജീബ് കോറോത്തും തന്റെ ഉപജീവന മാർഗമായ പിക്കപ്പും കൊണ്ട് അൻവറും വർസനിലേക്ക് കേന്ദ്രീകരിച്ചതും എല്ലാം അവിചാരിതമായാണ്. അങ്ങനെ നിരവധി പേർ ഇതിന്റെ ഭാഗമായി വന്നുകൊണ്ടിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം ഒരു വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ മുഴുവൻ സമയ സേവന പ്രവർത്തനങ്ങളിൽ ഭാഗമാവാൻ മറ്റു തിരക്കുകൾ ജോലി, കച്ചവടം എല്ലാം മാറ്റിവെച്ചു വാർസനിലേക്ക് വന്നവരാണ് മഷൂദ് , ആബിദ് ,സിക്കെന്ദർ, രജീഷ്, നവാസ്, ആഷിക് ,അൻസാരി നസീഫ് നഹ , നസീഫ് അൽ നൂർ തുടങ്ങിയവർ. ഭയത്തെ ജാഗ്രത അതിജീവിച്ചതോടെ ഏതൊരു വിപത്തിനെയും നേരിടാൻ കെൽപുള്ള സംഘമായി ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് മാറി.

കേരളത്തിലെ ആദ്യ കരൾദാതാവ് ആകാൻ എനിക്ക് പടച്ചവൻ തന്ന കരളുറപ്പ് തന്നെയാണ് അൻഷാദ് ഗുരുവായൂർ എന്ന എന്നെയും ഈ സംഘത്തോടൊപ്പം ചേർത്ത് നിർത്തിയത്. മുകളിൽ പറഞ്ഞവരൊക്കെ വർസാനില് താമസിച്ചു പോർമുഖത്തു നിലയുറപ്പിച്ചപ്പോൾ വർസാനിൽ വന്നും പുറത്തു നിന്നും ക്രൈസിസ് മാനേജ്‌മെന്റിന്റെ കാര്യങ്ങളിൽ നിരന്തരം ഇടപെട്ട് സാദാത് പോയിലും ജാബിർ ഗ്രാൻഡും നിന്നു. 24x7 എന്ന രീതിയിൽ വർസാനില് തന്നെ താമസിച്ചു മുഴുവൻ പ്രവർത്തങ്ങളും ഏകോപിപ്പിക്കുന്നു എന്നുള്ളതാണ് ക്രൈസിസ് മാനേജ്‌മെന്റ് ടീമിന്റെ പ്രത്യേകത. 100 കണക്കിന് റൂമുകൾ ഉള്ള മുഴുവൻ കെട്ടിടങ്ങളുടെയും ശുചീകരണം , ഫെസിലിറ്റി മാനേജ്‌മെന്റ് , രോഗികൾക്കും മറ്റുള്ളവർക്കുമുള്ള ഭക്ഷണ വിതരണം, രോഗികൾക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളുടെയും ചുമതല ക്രൈസിസ് മാനേജ്‌മെന്റിനാണ്

ഹോസ്പിറ്റൽ മാനേജ്‌മെന്റുമായി ഇതുവരെ ഒരു തരത്തിലുള്ള ബന്ധവുമില്ലാതിരുന്ന ഒരു കൂട്ടം യുവാക്കൾ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലും മതത്തിലും വിശ്വസിക്കുന്നവരുമായര് ഒത്തു കൂടി ഒന്നിച്ചു നിന്നപ്പോൾ മരുഭൂമിയിൽ പിറന്നത് മറ്റൊരു അത്ഭുതമാണ് നിരന്തരം അണുബാധയേറ്റവരുമായി സമ്പര്ക്കം പുലർത്തുമ്പോഴും മരണം ഭയം എന്നുള്ളത് ആർക്കും ഇല്ല എന്നുള്ളത് അവിശ്വസനീയമായ ഒരു കാര്യമാണ് മരിക്കാൻ തയ്യാറായാൽ മരണം പോലും നിങ്ങളുടെ അടുത്തേക്ക് വരാൻ ഭയപ്പെടും എന്നുള്ള വാക്യമാണ് ഇവരുടെ പ്രചോദനം

കൊറോണ കാലത്തെ ചില ഹീറോസ്‌ ..  
ദുബൈ വർസാൻ കോവിഡ് കേന്ദ്രത്തിലെ കർമ്മ ഭടന്മാർ

ദുബൈയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മയെ പരിചരിക്കാൻ കൊറോണ കാലത്തിന്‌ മുൻപ്‌ നാട്ടീന്ന് വന്നതായിരുന്നു ഈ ഡോക്ടർ മച്ചാൻ.. ഇന്നിപ്പോൾ ഒരു മാസത്തിന്‌ മേലെയായി ഇവിടെ വർസാനിലെ കോവിഡ്‌ ഐസലോഷൻ ക്യാമ്പിൽ കെഎംസിസിയുടെ വളണ്ടിയർ വിങിലെ ഡോക്ടറായി സേവനം ചെയ്യുന്നു ... വൈകിട്ട്‌ 3 മണിക്ക്‌ ഡ്യൂട്ടി കഴിഞ്ഞ്‌ ഇറങ്ങാനുള്ള ആളെ രാത്രി 8 മണിക്ക്‌ വിളിച്ചു നോക്കിയാലും വാർഡിൽ രോഗികളുടെ എന്തേങ്കിലും കാര്യവുമായി ഓടി നടപ്പുണ്ടാവും ...!! ഡ്യൂട്ടി കഴിഞ്ഞിറങ്ങിയാൽ ദിവസവും ഞങ്ങൾ വളന്റിയേർസ്സിനെ വന്ന് കണ്ട്‌ ഞങ്ങളുടെ ആരോഗ്യം‌ ഒക്കെ ഓകെയാണെന്ന് ഉറപ്പിച്ചതിന്‌ ശേഷം മാത്രമേ പുള്ളി ഉറങ്ങാൻ പോവുള്ളൂ. അങ്ങനെ ഒരു വല്ലാത്ത ജാതി മനുഷ്യൻ ... ഞങ്ങളുടെ ചങ്ക്‌ ഡോക്റ്റർ ബ്രോ .. ഇത്രയൊക്കെ പറഞ്ഞിട്ടും ആളുടെ പേരും നാടും ഒന്നും എന്താ മെൻഷൻ ചെയ്യാത്തതന്നല്ലേ ...? ഫോട്ടൊയിൽ മുഖമില്ലാത്തതെന്താന്നല്ലേ ? പുള്ളി സമ്മതിക്കാഞ്ഞിട്ടാ ... ചെയ്യുന്നതൊന്നും ആരെയും അറിയിക്കാനല്ലാന്ന്... പേര് മാത്രം തൽകാലം സൂചിപ്പിക്കാം..ഡോ. റമീസ്, ഇങ്ങനെ കുറേ പേരുണ്ട് ഇവിടെ, നമ്മൾ തോറ്റുപോവില്ലെന്ന് ഇടയിക്കിടെ നമ്മെ ഓർമിപ്പിക്കാൻ.. പ്രവാസികളേ, മലയാളികളേ.. നമ്മൾ എങ്ങനെ തോൽക്കാനാണ്..???