LiveTV

Live

Gulf

ഗൾഫിൽ കോവിഡ് മരണം 276 ആയി; രോഗികളുടെ എണ്ണം 48,000 പിന്നിട്ടു

എണ്ണായിരത്തിലേറെ പേർക്ക് രോഗം പൂർണമായും സുഖപ്പെട്ടു.

ഗൾഫിൽ കോവിഡ് മരണം 276 ആയി; രോഗികളുടെ എണ്ണം 48,000 പിന്നിട്ടു

ഗൾഫിൽ കോവിഡ് മരണസംഖ്യ 276 ആയി. മൂവായിരത്തിലേറെ പേർക്ക് ഇന്നലെയും രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 48,000 പിന്നിട്ടു. ആറ് മരണം കൂടിയായതോടെ യു.എ.ഇയിൽ കോവിഡ് മരണ സംഖ്യ 82 ആയി. വിവിധ രാജ്യക്കാരാണ് മരിച്ച ആറ് പേരും.

സൗദിയിൽ 5 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 144ൽ എത്തി. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ച കുവൈത്തിൽ മരണസംഖ്യ 22 ആണ്. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 21 ആയി.

സൗദിയിൽ രോഗികളുടെ എണ്ണം പതിനെണ്ണായിരം കടന്നു. ഇന്നലെ മാത്രം 1289 പേർക്കാണ് രോഗം ഉറപ്പിച്ചത്. യു.എ.ഇയെ പിന്തള്ളി രോഗികളുടെ എണ്ണത്തിൽ ഖത്തറാണ് രണ്ടാമത്. 957 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറിൽ കോവിഡ് ബാധയേറ്റവരുടെ എണ്ണം 11244 ആയി. കുവൈത്തിൽ 213ഉം ബഹ്റൈനിൽ 76ഉം ഒമാനിൽ 51ഉം പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു.

രോഗം ഭേദമാകുന്നവരുടെ എണ്ണവും ഉയർന്നു. ഗൾഫിൽ എണ്ണായിരത്തിലേറെ പേർക്ക് രോഗം പൂർണമായും സുഖപ്പെട്ടു. കൂടുതൽ വാണിജ്യ കേന്ദ്രങ്ങളും മറ്റും തുറന്നതോടെ യു.എ.ഇയിൽ ജനജീവിതം തിരിച്ചുവരവിന്‍റെ പാതയിലാണ്. എന്നാൽ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ പരമാവധി ജാഗ്രത പുലർത്തണമെന്ന് സാമൂഹിക പ്രവർത്തകർ നിർദേശിച്ചു. കുവൈത്തിലും ഖത്തറിലും മറ്റും നിയന്ത്രണങ്ങളിൽ കാര്യമായ ഇളവില്ല. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ചുവടെയും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന് സംവിധാനം ഏർപ്പെടുത്തി.