LiveTV

Live

Gulf

ഗള്‍ഫില്‍ കോവിഡ് മരണം 156 ആയി

ഇതോടെ ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം 24,000 കവിഞ്ഞു.

ഗള്‍ഫില്‍ കോവിഡ് മരണം 156 ആയി

ഗൾഫിൽ കോവിഡ് മരണം 156 ആയി. സൗദിയിൽ അഞ്ചും ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവുമാണ് ഇന്നലെ മരിച്ചത്. യു.എ.ഇ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ മാത്രം 1704 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം 24,000 കവിഞ്ഞു.

അഞ്ച് പേർ കൂടി മരണപ്പെട്ടതോടെ സൗദി അറേബ്യയിൽ മരണ സംഖ്യ 92 ആയി ഉയർന്നു. ഖത്തറിൽ മരണസംഖ്യ എട്ടായി. കുവൈത്തിൽ ആറും. ഒറ്റദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ രോഗികൾ എന്ന റിക്കാർഡും സൗദി അറേബ്യക്കാണ്. 1132 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ രോഗികളുടെ എണ്ണം 8274 ആയി. കുവൈത്തിൽ മാത്രം 988 ഇന്ത്യക്കാർക്കാണ് കോവിഡ് ബാധ. ബഹ്റൈനിൽ 260 പേർക്കും.

ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് വ്യാപക കോവിഡ് ടെസ്റ്റുകൾ നടക്കുന്നതാണ് സൗദിയിലും മറ്റും രോഗികളുടെ എണ്ണപ്പെരുപ്പത്തിന് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നു. അതേസമയം, ഏതൊരു അത്യാഹിത ഘട്ടത്തെയും നേരിടാനുള്ള സംവിധാനങ്ങൾക്കാണ് ഗൾഫ് രാജ്യങ്ങൾ രൂപം നൽകി വരുന്നത്. യു.എ.ഇയിൽ കോവിഡുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിച്ചാൽ ഇരുപതിനായിരം ദിർഹം ഫൈനൊടുക്കേണ്ടി വരും.

ലേബർ ക്യാമ്പുകളിൽ നിന്ന് ആളുകളെ മാറ്റുന്ന പ്രക്രിയ സൗദിയിൽ ഊർജിതമാണ്. ഗൾഫിൽ ഇതിനകം നാലായിരത്തോളം പേർക്കാണ് പൂർണ രോഗവിമുക്തി നേടാനായത്. യു.എ.ഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള അഞ്ചര ദശലക്ഷത്തോളം ഹൈഡ്രോക്സി ക്ലോറോകിൻ ഗുളികകൾ ഇന്ന് കാർഗോ വിമാനം മുഖേനയെത്തും. യു.എ.ഇയിൽ കുടുങ്ങിയ നാൽപതിനായിരത്തോളം പാക് പൗരൻമാരെ മടക്കി കൊണ്ടു പോകുന്ന പ്രക്രിയക്ക് ഇന്നലെ തുടക്കം കുറിച്ചു. എന്നാൽ ഇന്ത്യക്കാരുടെ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ദുബൈ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ നിയന്ത്രണ നടപടികൾ കർശനമായി തുടരും.