LiveTV

Live

Gulf

ദുബൈയിൽ പുറത്തിറങ്ങാൻ അനുമതിപത്രം തേടി ആളുകളുടെ തിരക്ക്

പൊലിസ് തയ്യാറാക്കിയ വെബ്സൈറ്റിൽ ഓരോ മിനുട്ടിലും 1200ഓളം അഭ്യർഥനകളാണ് ലഭിക്കുന്നത്, അപേക്ഷകളുടെ എണ്ണം ഉയർന്നതോടെ അനുമതി ലഭിക്കുന്നതിനും കാലതാമസമുണ്ട്

ദുബൈയിൽ പുറത്തിറങ്ങാൻ അനുമതിപത്രം തേടി ആളുകളുടെ തിരക്ക്

കർശന നിയന്ത്രണം നിലനിൽക്കുന്ന ദുബൈയിൽ പുറത്തിറങ്ങാൻ അനുമതിപത്രം തേടി ആളുകളുടെ തിരക്ക്. പൊലിസ് തയ്യാറാക്കിയ വെബ്സൈറ്റിൽ ഓരോ മിനുട്ടിലും 1200ഓളം അഭ്യർഥനകളാണ് ലഭിക്കുന്നത്. അപേക്ഷകളുടെ എണ്ണം ഉയർന്നതോടെ അനുമതി ലഭിക്കുന്നതിനും കാലതാമസമുണ്ട്. "മൂവ് പെർമിറ്റ് സൈറ്റിന് മിനിട്ടിൽ 1200 പെർമിറ്റ് അഭ്യർഥനകൾ മാത്രമേ കൈകാര്യം ചെയ്യാൻ സാധിക്കൂ. ചിലപ്പോൾ ഓൺലൈൻ ട്രാഫിക് കാരണം പെർമിറ്റ് നൽകുന്നത് വൈകും.

ഭക്ഷണം, മരുന്ന് വാങ്ങൽ, ആശുപത്രി സംബന്ധമായ ആവശ്യങ്ങൾ എന്നിവക്ക് മാത്രമേ പെർമിറ്റിന് അപേക്ഷിക്കാവൂ എന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആവശ്യത്തിന് അനുസരിച്ചുള്ള ഭക്ഷ്യവിഭവങ്ങൾ സമീപപ്രദേശങ്ങളിൽ നിന്ന് തന്നെ ലഭിക്കുമെന്നും ഒരു തവണ തന്നെ വേണ്ടത്ര വാങ്ങി സൂക്ഷിച്ചാൽ ദിവസവും പുറത്തുപോകുന്നത് ഉപേക്ഷിക്കാമെന്നും അദ്ദേഹം നിർദേശിച്ചു.

ദേശീയ അണുനശീകരണ പദ്ധതി 24 മണിക്കൂർ വ്യാപിച്ചതോടെ 999 എന്ന അടിയന്തര കോൾ നമ്പറിൽ പ്രതിദിനം 27,000 കോളുകളാണ് പൊലിസിനെ തേടിയെത്തുന്നതെന്ന് ദുബൈ പോലീസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ ഡയറക്ടർ കേണൽ തുർക്കി ബിൻ ഫാരിസ് പറഞ്ഞു. വീട്ടിലിരിക്കാതെ നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരിൽ നിന്ന് 2000 ദിർഹം പിഴ ഈടാക്കും. പുറത്ത് കറങ്ങിനടക്കുന്ന നിലയിൽ റഡാറുകളിൽ കണ്ടെത്തിയ ആളുകൾക്ക് പിഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ അവരുടെ ഫോണുകളിൽ ശബ്ദ സന്ദേശം അയക്കുമെന്നും ദുബൈ പൊലിസ് അധികൃതർ വ്യക്തമാക്കി.