LiveTV

Live

Gulf

കോവിഡ്: ഗള്‍ഫില്‍ മരണസംഖ്യ 63 ആയി

കർശന നിയന്ത്രണം തുടരുന്ന ദുബൈ നായിഫിൽ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് പ്രവാസികൾക്കായി കോവിഡ് ടെസ്റ്റും വൈദ്യപരിശോധനയും തുടരുകയാണ്. 

കോവിഡ്: ഗള്‍ഫില്‍ മരണസംഖ്യ 63 ആയി

കോവിഡ് ബാധിച്ച് സൗദിയിൽ മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ രോഗം സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 63 ആയി. സൗദി അറേബ്യയിലും കുവൈത്തിലും ഒമാനിലും 308 പേര്‍ക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 8500 കവിഞ്ഞു. കുവൈത്തിൽ പുതുതായി രോഗം ഉറപ്പിച്ച 78 ൽ 59 പേരും ഇന്ത്യക്കാരാണ്. രോഗ്യവ്യാപനം തുടരുന്ന സാഹചര്യത്തിൽ സൗദിയിലും കുവൈത്തിലും കർഫ്യു കർശനമാക്കി. അനുമതിപത്രം ലഭിക്കാതെ ദുബൈയിൽ കാൽനട യാത്രക്കാരെയും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല.

ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. മിക്ക രാജ്യങ്ങളിലും മലയാളികൾ ഉൾപ്പെടെ രോഗബാധിതരാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വർധനയുണ്ട്. കർശന നിയന്ത്രണം തുടരുന്ന ദുബൈ നായിഫിൽ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് പ്രവാസികൾക്കായി കോവിഡ് ടെസ്റ്റും വൈദ്യപരിശോധനയും തുടരുകയാണ്. ഇന്നലെ 5 പേരുടെ മരണം ഉൾപ്പെടെ ഗൾഫിൽ കോവിഡ് മരണസംഖ്യ അറുപതിലെത്തി. ഇതിൽ 38 ഉം സൗദിയിലാണ്. യു.എ.ഇയിൽ പതിനൊന്നും ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ നാലു പേർ വീതവുമാണ് മരണസംഖ്യ. ഒമാനിൽ രണ്ടും കുവൈത്തിൽ ഒന്നുമാണ് കോവിഡ് മരണസംഖ്യ. രോഗികളുടെ എണ്ണത്തിലും സൗദി തന്നെയാണ് മുന്നിൽ. 2752. യു.എ.ഇയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. രോഗികളുടെ ആധിക്യം ആശങ്ക വർധിപ്പിക്കുന്നുണ്ടെങ്കിലും ഗൾഫിൽ 1460 ഓളം പേർക്ക് രോഗവിമുക്തി ലഭിച്ചു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതു നൽകുന്ന പ്രതീക്ഷ ചെറുതല്ല. മിക്ക ഗൾഫ് രാജ്യങ്ങളിലും കൂടുതൽ കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങൾ ആരംഭിക്കാനായതും നേട്ടമാണ്.

നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ കൂടുതൽ മേഖലകളിൽ പൂർണ സമയ കർഫ്യു പ്രഖ്യാപിച്ചു. കുവൈത്തിൽ കർഫ്യു സമയം നീട്ടുകയും ചില കേന്ദ്രങ്ങളിൽ പൂർണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. നിയന്ത്രണം കർശനമാക്കിയ ദുബൈ നഗരത്തിൽ കാൽനടക്കാരെ പോലും അനുമതി കൂടാതെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല.