LiveTV

Live

Gulf

കോവിഡ്; ഗള്‍ഫില്‍ ഇന്ന് അഞ്ച് മരണം

യു.എ.ഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 30 ഇന്ത്യക്കാരുണ്ട്

കോവിഡ്; ഗള്‍ഫില്‍ ഇന്ന് അഞ്ച് മരണം

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് അഞ്ച് പേര്‍ മരിച്ചു. സൗദിയിൽ നാലും യു.എ.ഇയിൽ ഒരാളും മരിച്ചതോടെ ഗൾഫില്‍ കോവിഡ് മരണ സംഖ്യ 16 ആയി. ഇന്ന് 256 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഗൾഫിലെ കോവിഡ് ബാധിതരുടെ എണ്ണം 3421 ആയി ഉയര്‍ന്നു.

രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ ശക്തമാക്കുകയാണ് രാജ്യങ്ങൾ. സൗദിയിൽ ജിദ്ദയിലേക്ക് കൂടി 15 മണിക്കൂർ കർഫ്യു ദീർഘിപ്പിച്ചു. ഷാർജയിൽ എല്ലാവിധ പരിപാടികൾക്കും ഏപ്രിൽ അവസാനം വരെ വിലക്കേര്‍പ്പെടുത്തി.

സൗദിയിൽ മരണപ്പെട്ട നാലു പേരും വിേദശികളാണ്. രണ്ട് പേര്‍ ജിദ്ദയിലും രണ്ട് പേര്‍ മദീനയിലുമാണ് മരണപ്പെട്ടത്. 47 വയസുള്ള അറബ് വനിതയാണ് യു.എ.ഇയിൽ മരിച്ചത്. സൗദിയിൽ എട്ടും യു.എ.ഇയിൽ മൂന്നും പേരാണ് കോവിഡ് മൂലം ഇതുവരെ മരണപ്പെട്ടത്.

രോഗികളുടെ എണ്ണവും ഉയരുകയാണ്. യു.എ.ഇയിൽ 102ഉം സൗദിയിൽ 96ഉം ഖത്തറിൽ 44ഉം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ 1299ഉം യു.എ.ഇയിൽ 570ഉം ഖത്തറിൽ634ഉം ആയി രോഗികളുടെ എണ്ണം ഉയർന്നു.

ഇതിനു പുറമെ ഒമാനിൽ 15ഉം കുവൈത്തിൽ 20ഉം ബഹ്റൈനിൽ 23ഉം പേർക്ക് കൂടി ഇന്ന് രോഗം ഉറപ്പിച്ചു. മരണവും രോഗവ്യാപനവും സൃഷ്ടിക്കുന്ന ആശങ്കയിൽ നിയന്ത്രണ നടപടികൾ രാജ്യങ്ങൾ കൂടുതൽ കർശനമാക്കി. മദീനയില്‍ ഹറമിനോട് ചേര്‍ന്ന പ്രധാന ആറ് മേഖലകളില്‍ നടപ്പാക്കിയ 24 മണിക്കൂര്‍ കര്‍ഫ്യൂ അനിശ്ചിത കാലേത്തക്ക് തുടരും എന്നാണ് സൂചന. ജിദ്ദയിലേക്ക് കൂടി 15 മണിക്കൂർ കർഫ്യു ദീർഘിപ്പിച്ചിട്ടുണ്ട്.

സാമൂഹിക വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒമാനിലെ മസ്കത്ത് പ്രവിശ്യയിലും നിയന്ത്രണം വർധിപ്പിച്ചു. യുഎ.ഇ പ്രഖ്യാപിച്ച ത്രിദിന സമഗ്ര അണുനശീകരണ യജ്ഞം ഏപ്രിൽ 5 വെര നീട്ടി. ഈ കാലയളവിൽ രാത്രികാലങ്ങളിൽ അനുമതി കൂടാതെ വാഹനവുമായി പുറത്തിറങ്ങിയാൽ കുടുങ്ങും. അബൂദബിയിൽ കോവിഡ് പരിേശാധനാ കേന്ദ്രത്തിെൻറ ഉദ്ഘാടനം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർവഹിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണം നിർദേശിക്കപ്പെട്ടവർ അതു ലംഘിച്ചാൽ 50,000 ദിർഹമായിരിക്കും യു.എ.ഇയിൽ ഫൈൻ. കുവൈത്തിൽ ടാക്സി സർവീസുകൾ നിലച്ചു. കഫേകൾ അടച്ചുപൂട്ടി.

ഖത്തറിൽ അവശ്യ കേന്ദ്രങ്ങൾ ഒഴികെ ഭൂരിഭാഗം സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിലും വിദേശ ജോലിക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ഖത്തർ പ്രവാസികൾക്ക് ഉറപ്പു നൽകി. ദുബൈയിൽ ഫ്രീസോൺ കമ്പനികൾക്ക് 6 മാസത്തെ വാടക ഇളവ് പ്രഖ്യാപിച്ചതും നേട്ടമായി.

യു.എ.ഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 30 ഇന്ത്യക്കാരുണ്ട്. ഗൾഫ് ഭരണകൂടങ്ങൾ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കണമെന്ന് ഇന്ത്യൻ അംബാസഡർമാർ ഗൾഫിലെ പ്രവാസി സമൂഹത്തോട് അഭ്യർഥിച്ചു.